 
മാള: മാള ബ്ലോക്ക് പഞ്ചായത്തിലെ 180 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ആളൂർ, അന്നമനട, മാള, പൊയ്യ, കുഴൂർ എന്നീ പഞ്ചായത്തുകളിലെ 90 വാർഡുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ 16 കൗണ്ടറുകളിലായി രാവിലെ മുതൽ വിതരണം ചെയ്തു. രണ്ട് സ്‌ട്രോംഗ് റൂമുകളിൽ ആളൂർ, മാള എന്നീ പഞ്ചായത്തുകൾക്കായി ഒന്നും അന്നമനട, കുഴൂർ, പൊയ്യ പഞ്ചായത്തുകൾക്കായി രണ്ടും എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.
വരണാധികാരി ഗീത ഉപ വരണാധികാരി ജയ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ഏകോപിപ്പിച്ചത്. മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ 23 ബൂത്തുകൾക്ക് പ്രശ്‌ന സാദ്ധ്യതാ മുന്നറിയിപ്പുള്ളതിനാൽ പ്രത്യേക നിരീക്ഷണമുണ്ട്. മാള പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 157 ബൂത്തുകൾക്കായി 61 പ്രത്യേക പൊലീസ് ഉൾപ്പെടെ 200 ഓളം പേരാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. മാള സി.ഐ: സജിൻ ശശി, എസ്.ഐ: ചിത്തരഞ്ജൻ എന്നിവരാണ് ക്രമസമാധാന ചുമതലകൾക്ക് നേതൃത്വം നൽകുന്നത്.