cocordil

ചാലക്കുടി:സഞ്ചാരികൾ ഏറെയെത്തുന്ന അതിരപ്പിളളി വെളളച്ചാട്ടത്തിന് സമീപമുളള വീടിന്റെ വാതിൽക്കൽ അതിരാവിലെ ഭീമൻ ചീങ്കണ്ണിയെത്തിയത് ഭീതി പരത്തി. വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും രണ്ടര മണിക്കൂറോളം പ്രയത്‌നിച്ച് ചീങ്കണ്ണിയെ മെരുക്കി പുഴയിലേക്കു വിട്ടു.

ഷാജി തച്ചിയത്തിന്റെ വീട്ടിലാണ് സംഭവം. പുലർച്ചെ രണ്ടു മണി മുതൽ വരാന്തയിൽ തട്ടലും മുട്ടലും കേട്ടിരുന്നു. കുരങ്ങോ പട്ടിയോ ആണെന്ന് കരുതി. അഞ്ചരയോടെ ഭാര്യ നിർമ്മല വാതിൽ തുറന്നപ്പോൾ ഭീകരനായ അതിഥി ! അവർ നിലവിളിച്ചു.

പൂർണ വളർച്ചയെത്തിയ ചീങ്കണ്ണിയെ ഓടിക്കാൻ ഷാജിയും കുടുംബവും ശ്രമിച്ചെങ്കിലും നടന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനസംരക്ഷണസമിതി പ്രവർത്തകരെയും നാട്ടുകാരെയും വിളിച്ചുവരുത്തി. അവരെ വട്ടംകറക്കിയ ചീങ്കണ്ണി സെറ്റിയുടെ അടിയിൽ കയറി ഒളിച്ചു. പൈപ്പ് ഉപയോഗിച്ച് കുത്തി ഓടിക്കാൻ നോക്കിയപ്പോൾ ചീങ്കണ്ണി ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് തീപ്പന്തമുണ്ടാക്കി പേടിപ്പിച്ചാണ് വീടിന് പുറത്തെത്തിച്ചത്. കുറച്ച് ഓടിയ ചീങ്കണ്ണി വഴിയിൽ തളർന്നു കിടന്നു. നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കയറ് കുരുക്കിക്കെട്ടി എടുത്ത് വെള്ളച്ചാട്ടത്തിനു താഴെ തുറന്നുവിട്ടു. ദൗത്യം രാവിലെ ആറ് മണി മുതൽ എട്ടരവരെ നീണ്ടു.

ഷാജിയുടെ മൂത്ത മകൻ നിമിഷും ഭാര്യ ആതിരയും രണ്ടു വയസുള്ള മകനും വീട്ടിലുണ്ടായിരുന്നു. കുഞ്ഞ് ഓടി നടക്കുന്ന വരാന്തയിലാണ് ചീങ്കണ്ണി കിടന്നത്. ആതിര ചീങ്കണ്ണിയെ കണ്ടതാണ് രക്ഷയായത്. വനസംരക്ഷണ സമിതി പ്രവർത്തകനായ ഷാജി അതിരപ്പിളളിയിൽ ഹോട്ടൽ നടത്തുന്നുണ്ട്. പുഴയിൽ നിന്ന് ഇരുനൂറ് മീറ്റർ അകലെയാണ് ഷാജിയുടെ വീട്.

വെള്ളത്തിലിറങ്ങുന്നത് അപകടകരം
സഞ്ചാരികൾ വെള്ളച്ചാട്ടത്തിനു താഴെ കുളിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പുണ്ട്. ഇവിടെ ചീങ്കണ്ണികളുടെ കേന്ദ്രമാണ്. പാറകളിൽ ഇവ കിടക്കാറുമുണ്ട്. രണ്ട് മാസം മുൻപ് ഒരെണ്ണം കരയ്ക്ക് കയറിയിരുന്നു. ജനവാസ മേഖലയിലേക്ക് കയറാറില്ലെന്ന് ഷാജി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുൻപ് ചീങ്കണ്ണികളെ കണ്ടിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.

മൂന്ന് മാസം മുൻപ് തുമ്പൂർമുഴി ഭാഗത്തും രാത്രി ചീങ്കണ്ണിയെ കണ്ടിരുന്നു. മനുഷ്യരെ ആക്രമിച്ചതായി റിപ്പോർട്ടില്ല. സഞ്ചാരികൾ കുളിക്കാൻ ഇറങ്ങി മുങ്ങി അപകടമുണ്ടാകാറുണ്ട്. പുഴയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.