ചാവക്കാട്: നഗരസഭയിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് മെഷീന്റെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചാവക്കാട് എം.ആർ.ആർ.എം സ്‌കൂളിലാണ് 32 ബൂത്തുകളിലേക്കാവശ്യമായ സാമഗ്രികൾ വിതരണം ചെയ്തത്. വിതരണ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച 75 ഇനം സാധന സാമഗ്രികൾ പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകി. ഇതിനുപുറമേ കൊവിഡ് പശ്ചാത്തലത്തിൽ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ബൂത്തുകളിലേക്ക് സ്‌പെഷൽ കൊവിഡ് കിറ്റും എത്തിച്ച് നൽകി. ഓരോ ബൂത്തുകളിലേക്കും 7 ലിറ്റർ സാനിറ്റൈസർ, 20 ഫേസ് മാസ്‌ക്, 6 ഫേസ്ഷീൽഡ്,12 ഗ്ലൗസ്, ആറ് പിപിഇ കിറ്റ് വീതവുമാണ് നൽകിയത്. സ്റ്റേഷനറി സാമഗ്രികൾ, ഡമ്മി ബാലറ്റുകൾ, സീലുകൾ, അരക്ക് തുടങ്ങിയ ഇനങ്ങളുമുണ്ട്. വോട്ടിംഗ് മെഷീൻ വെക്കുന്ന കമ്പാർട്ട്‌മെന്റിനുള്ള സാമഗ്രികൾ, പ്രിസൈഡിംഗ് ഓഫീസറുടെ ലോഹ സീൽ, സ്ട്രിപ്പ് സീൽ, ഗ്രീൻ പേപ്പർ സീൽ, വിവിധയിനം കവറുകൾ, പോളിംഗ് ഏജന്റുമാർക്കുള്ള പാസ്, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, ടെൻഡർ വോട്ടുകൾ ചലഞ്ച് വോട്ടുകൾ എന്നിവയുടെ ലിസ്റ്റും ഇതോടൊപ്പം പോളിത്തീൻ ബാഗും, വേസ്റ്റ് ബാസ്‌കറ്റും തുടങ്ങിയവയും നൽകി. അന്തിമ വോട്ടർ പട്ടികയും കൈമാറിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർ ആർ.ഡി.ഒ. എം.കെ. കൃപ, എ.ആർ.ഒമാരായ എം.പി. സനിൽകുമാർ, ആലിസ് കോശി എന്നിവർ നേതൃത്വം നൽകി.