വടക്കാഞ്ചേരി: തലശ്ശേരി മേഖലയിൽ വോട്ട് അഭ്യർത്ഥനയുമായി ഇറങ്ങുന്ന സ്ഥാനാർത്ഥികൾക്കുള്ള ഓർമ്മപ്പെടുത്തലായി യുവാക്കൾ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ശ്രദ്ധയാകർഷിക്കുന്നു. ദേശമംഗലം പഞ്ചായത്തിലുൾപ്പെടുന്ന കായിക പ്രേമികളായ യുവാക്കളാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. വോട്ട് വേണോ.. എങ്കിൽ ഞങ്ങൾക്ക് കളിസ്ഥലം വേണം. എന്താ പറ്റ്വോ - ചുവന്ന നിറത്തിൽ വലിയ ചോദ്യചിഹ്നത്തോടെയാണ് ബോർഡിലെ വാചകങ്ങൾ അവസാനിക്കുന്നത്.
ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബാൾ കളികളുടെയും മൈതാനത്തിന്റെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സിന്റെ അടിഭാഗത്തായി ചെറിയൊരു അടിക്കുറിപ്പുമുണ്ട്. ഇനിയും വാഗ്ദാനങ്ങൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുപ്പു പോരാട്ടം മുറുകുമ്പോൾ മേഖലയിലെ പ്രധാന ശ്രദ്ധയും തലശ്ശേരി വരവൂർ റോഡിലെ പാതയോരത്തെ ഈ ഫ്‌ളക്‌സുകളും സ്ഥാപിച്ച യുവാക്കളുമായി. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കാരോടും അനുഭാവം പുലർത്തുന്നവരല്ല തലശ്ശേരി യുവജനപ്രസ്ഥാനം എന്ന പേരിലുള്ള യുവാക്കളുടെ കൂട്ടായ്മ. 25 പേരടങ്ങുന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മയുമുണ്ട് ഇവർക്ക്. കാലങ്ങളായി നാട് തിരഞ്ഞെടുത്ത ജനപ്രതിനിധികളോട് നാട്ടിലെ കുട്ടികൾ ഉൾപ്പടെയുള്ളവർ കായികപരിശീലനത്തിനായി ഒരിടം വേണമെന്ന് നിരന്തരം അഭ്യർത്ഥിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്ന് യുവാക്കൾ പറയുന്നു. നിരാശയിൽ നിന്ന് ഉടലെടുത്ത അമർഷമാണ് വേറിട്ട പ്രതിഷേധമായി ഫ്‌ളക്‌സ് ബോർഡ് ഉയർത്താൻ ഇടയാക്കിയത്.
നാട്ടിൽ പരിശീലനത്തിനായി സ്ഥിരം കേന്ദ്രമില്ലെങ്കിലും ജില്ലക്കകത്തും പുറത്തുമായി നടക്കാറുള്ള ഫുട്‌ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകളിൽ സജീവമാണ് യുവാക്കൾ. സ്വകാര്യ വ്യക്തിയുടെ 10 സെന്റോളം വരുന്ന തെങ്ങിൻ പറമ്പിലെ ചെറിയ സ്ഥലമാണ് ഇപ്പോഴത്തെ കളിക്കളം. അവിടെ ഒരു വീടുപണി ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഇനിയെന്തു ചെയ്യുമെന്നറിയില്ലെന്നും യുവാക്കൾ പറയുന്നു. നാല് കിലോമീറ്ററോളം ദൂരെയുള്ള കടുകശ്ശേരിയിൽ ഒരു മൈതാനമുണ്ട് . പക്ഷെ എന്നും അവിടെപ്പോയി പരിശീലനം നടത്തുക അസാധ്യമാണ്. മികച്ച താരങ്ങളുണ്ട് തങ്ങളുടെ കൂട്ടത്തിൽ. അതിലൊരാളാണ് മുൻകാലത്ത് കേരളവർമ്മ കോളേജിന് വേണ്ടി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിലും ജയ എഫ്‌സി തൃശൂർ, ലക്കി സ്റ്റാർ ആലുവ എന്നീ ടീമുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞ ഇപ്പോൾ പ്രവാസ ജീവിതം നയിക്കുന്ന അത്താണിക്കൽ വീട്ടിൽ ബാദുഷ (24). ബാദുഷയെപ്പോലുള്ള മികച്ച താരങ്ങൾ വലിയ പരിമിതി മറികടന്നാണ് നാടിന്റെ കായിക രംഗത്തെ സാന്നിദ്ധ്യമുറപ്പാക്കിയിരുന്നതെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. ഇത്തവണയും തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം ഉപയോഗിക്കും. വേറിട്ട പ്രതിഷേധത്തിനു ശേഷവും അധികാരത്തിൽ വരുന്നവർ നിഷ്‌ക്രിയരാണെങ്കിൽ വരും കാലങ്ങളിൽ പോളിംഗ് ബൂത്തുകളിലേക്കില്ലെന്ന ഉറച്ച നിലപാടാണ് യുവാക്കൾക്കുള്ളത്.