തൃശൂർ: പരസ്യ പ്രചരണത്തിന് അവധിയായിരുന്നുവെങ്കിലും സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നലെ. വീടുകൾ കയറിയുള്ള നിശബ്ദപ്രചരണത്തിന്റെ ദിനം. ഉറപ്പിച്ച വിജയത്തിന്റെ മിനുക്കുപണികൾക്കായിട്ടായിരുന്നു മുന്നണികൾ രംഗത്തിറങ്ങിയത്.
ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റും ടി.എൻ. പ്രതാപൻ എം.പിയും ഇരുവരും ഒരുമിച്ചായിരുന്നു ഇന്നലെ നിശബ്ദ പ്രചരണത്തിനിറങ്ങിയത്. അരിമ്പൂർ, ചൂണ്ടൽ, മണലൂർ ഗ്രാമപഞ്ചായത്തുകളിലും കോർപറേഷൻ പരിധിയിൽ നെട്ടിശ്ശേരിയിലും പ്രാചരണം നടത്തി തേക്കിൻകാട് ഡിവിഷനിൽ സമാപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ തൃശൂർ, കുന്നംകുളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെയും കീവോട്ടർമാരെയും സന്ദർശിച്ചു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ സന്ദർശിച്ച ശേഷം സ്വന്തം ബൂത്തിൽ പ്രവർത്തകർക്കൊപ്പം വീടുകളിൽ കയറി വോട്ടഭ്യർത്ഥിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഏരിയ നേതാക്കളെ സന്ദർശിച്ച് അവസാനവട്ട വിലയിരുത്തലുകൾ നടത്തി.