ചാലക്കുടി: ഇന്നു നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പോളിംഗ് സമാധാനപരമായി നടത്താൻ പൊലീസ് ശക്തമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃശൂർ, കോഴിക്കോട് എന്നിവിടങ്ങിൽ നിന്നും ആംഡ് പൊലീസ് ബറ്റാലിയനെയാണ് ചാലക്കുടി മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. കാടുകുറ്റി, കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം, അതിരപ്പിള്ളി എന്നീ പഞ്ചായത്തുകളിലേയ്ക്കുള്ള 189 പോളിംഗ് മെഷിനുകളും അനുബന്ധ സാമഗ്രികളും കാർമ്മൽ സ്‌കൂൾ ഹാളിൽ നിന്നായിരുന്നു വിതരണം ചെയ്തത്. 100 വാർഡുകളിലേക്കുള്ള സാമഗ്രികളാണിത്. സ്‌കൂളിൽ സജ്ജീകരിച്ച കൗണ്ടറുകളിലായിരുന്നു വിതരണം. രാവിലെ ഒമ്പതരയോടെ ആരംഭിച്ച വിതരണത്തിൽ രണ്ടു മണിക്കൂറോളം തിക്കുംതിരക്കുമായിരുന്നു. ഉച്ചയ്ക്ക് ഒന്നിനായിരുന്നു വിതരണം പൂർത്തിയായത്. വരണാധികാരി ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ചാലക്കുടി എസ്.എച്ച്.ഒ കെ.എസ്. സന്തോഷ്, എസ്.ഐമാരായ കെ.കെ. ബാബു, സി.ഒ. ജോഷി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും പോളിംഗ് സാമഗ്രികളുടെ വിതരണത്തിൽ ഏർപ്പെട്ടു. ഉദ്യോഗസ്ഥർ പെട്ടികളുമായി സഞ്ചരിച്ച എല്ലാ വാഹനങ്ങളിലും പൊലീസും ഒപ്പമുണ്ട്. മലക്കപ്പാറയിലെ നാലു ബൂത്തുകളിലേക്കുള്ള സാമഗ്രികൾ കനത്ത സുരക്ഷയിലാണ് ബസിൽ കൊണ്ടുപോയത്. ഇവ വൈകീട്ട് നാലുമണിയോടെ മലക്കപ്പാറയിലെത്തി.

ചാലക്കുടി നഗരസഭാ പോളിംഗ് സാമഗ്രികളുടെ വിതരണവും സുഗമമായി നടന്നു. 36 വാർഡുകളിലേക്കായി 37 പോളിംഗ് ബൂത്തുകളിലേക്കുള്ള സാമഗ്രികളുടെ വിതരണം നഗരസഭ ജൂബിലി ഹാളിലാണ് നടന്നത്. ആറു കൗണ്ടറുകളിലായിരന്നു വിതരണം. വാർഡ് 1 മുതൽ 18 വരെയും 19 മുതൽ 36 വരെയുമുള്ള വാർഡുകളിലേക്കായി രണ്ട് റിട്ടേണിംഗ് ഓഫീസർമാരാണുള്ളത്.