ചാലക്കുടി: ആദ്യം പുഴയോരങ്ങളിൽ, പിന്നീട് റോഡിന് കുറുകെ, ഇപ്പോൾ ഇതാ വീടിന്റെ വരാന്തയിലും. ഈയിടെ അതിരപ്പിള്ളി മേഖലയിൽ ചീങ്കണ്ണിയുടെ വിളയാട്ടമാണ്. ബുധനാഴ്ച വെള്ളച്ചാട്ടം ജംഗ്ഷനിൽ തച്ചിയേത്ത് ഷാജിയുടെ വീടിന്റെ വരാന്തയിൽ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച വലിയ ചീങ്കണ്ണി ജനങ്ങളെ ഭീതിയിലാക്കി. പുഴയോരത്ത് സ്ഥിരമായി ചീങ്കണ്ണികളെ കാണാറുണ്ടെങ്കിലും ഇതാദ്യമായി വീട്ടിലേയ്ക്ക് ഇഴഞ്ഞെത്തിയപ്പോൾ പരിസരവാസികൾ അന്തം വിടുകയായിരുന്നു. ഷാജിയുടെ ഭാര്യ നിർമ്മല, മകൻ നിമിഷ്, നിമിഷിന്റെ ഭാര്യ ആതിര എന്നിവരും തുടക്കത്തിൽ ഭയന്നു വിറച്ചു. പിന്നീട് അയൽവാസികൾ എത്തിയപ്പോഴാണ് ഭയമൊന്നയഞ്ഞത്. ചാലക്കുടിപ്പുഴയിൽ ഇപ്പോൾ ധാരാളം ചീങ്കണ്ണികളെ കണ്ടുവരുന്നുണ്ട്. എന്നാൽ ഇതുവരേയും ആളുകളെ ആക്രമിച്ചിട്ടില്ല. മൂന്നുമാസംമുമ്പ് തുമ്പൂർമുഴിയിൽ രാത്രി നടുറോഡിലൂടെ ഇഴഞ്ഞു നീങ്ങിയ സംഭവം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.