പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ പയ്യൂർമാട് നിവാസികൾ ഇന്ന് വോട്ട് ചെയ്യാൻ വരുന്നത് പുഴ കടന്ന്. 17 വാർഡുകളുള്ള പഞ്ചായത്തിലെ വാർഡ് 14ൽ കോടമുക്ക് കടവിന് അപ്പുറമാണ് ഈ ഗ്രാമം. 28 വീടുകളിലായി 96 വോട്ടർമാരാണുള്ളത്. പോസ്റ്ററുകളും ഫ്‌ളെക്‌സ് ബോർഡുകളും ഇവിടെയില്ല. വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ കടത്ത് കടന്ന് ഇവിടെയെത്തിയിരുന്നു. കടവ് കടന്ന് കോടമുക്ക് എ.എം.എൽ.പി സ്‌കൂളിലെ ബൂത്തിലെത്തി വേണം ഇന്ന് വോട്ട് ചെയ്യാൻ. റേഷൻ കട, സ്‌കൂൾ, ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ് എന്നിവയെല്ലാം അക്കരയാണ്. വല്ലങ്ങി ബാലന്റെ കടത്ത് തോണിയാണ് പ്രദേശവാസികൾക്ക് ഏക ആശ്രയം. കാര്യമായ വരുമാനമൊന്നും ഇല്ലാത്തതിനാൽ ബാലൻ പല തവണ കടത്തു ജോലി അവസാനിപ്പിക്കാൻ തുനിഞ്ഞതാണ്. ഇത് നിലനിറുത്താൻ വെങ്കിടങ്ങ് പഞ്ചായത്ത് മാസം തോറും 5000 രൂപ നൽകുന്നതാണ് ഏക ആശ്വാസം. ശുദ്ധജലവും ഗതാഗത സൗകര്യങ്ങളുമാണ് ഗ്രാമവാസികളുടെ പ്രധാന ആവശ്യങ്ങൾ.