que

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. കർശന സുരക്ഷ സംവിധാനങ്ങളോടെയാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. പ്രായമായവർക്ക് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. കൊവിഡ് രോഗികൾക്ക് വൈകിട്ട് അഞ്ച് മുതലാണ് വോട്ട് രേഖപ്പെടുക്കാൻ അവസരം നൽകിയിട്ടുള്ളത്. രാവിലെ ഭൂരിഭാഗം ബൂത്തുകളിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു. പ്രശ്നബാധിത ബൂത്തുകളിൽ കനത്ത പൊലീസ് സംവിധാനവും ഉണ്ടായിരുന്നു. 54 പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ കോർപ്പറേഷൻ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റികൾ, മുല്ലശ്ശേരി, ചേലക്കര, പെരിഞ്ഞനം, എടവിലങ്ങ്, അന്തിക്കാട്, കാറളം, പറപ്പൂക്കര, പടിയൂർ, പുത്തൻച്ചിറ, മാള, അവിണിശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഓരോ പോളിംഗ് ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. പാവറട്ടി, കടവല്ലൂർ, വാടാനപ്പിള്ളി, ശ്രീനാരായണപുരം, എറിയാട്,​ മറ്റത്തൂർ, കോടശ്ശേരി, പരിയാരം, ഗ്രാമ പഞ്ചായത്തുകളിലെ 2 വീതം പോളിംഗ് ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്. കൂടാതെ പാണഞ്ചേരി, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലും ചാവക്കാട് മുനിസിപ്പാലിറ്റിയിലും 3 വീതം ബൂത്തുകളിലും കടപ്പുറം, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലെ 4 വീതം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആകെ സ്ഥാനാർത്ഥികൾ 7,101

ആകെ വോട്ടർമാർ 26,91,016

പുരുഷൻമാർ 12,66,921

സ്ത്രീകൾ 14,23,966

ട്രാൻസ്‌ജെൻഡർ 24

പ്രവാസി 110

പോളിംഗ് ബൂത്തുകൾ 3,331

ഗ്രാമപഞ്ചായത്തുകളിൽ 2,824

മുനിസിപ്പാലിറ്റികളിൽ 296

കോർപറേഷനിൽ 211

ജില്ലയിലെ 1,794 വാർഡുകളിലാണ് പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുള്ളത്.