vote

തൃശൂർ: മാസ്‌ക് ധരിച്ചുള്ള തിരഞ്ഞെടുപ്പ് കാണുമ്പോൾ, മൂന്നു പതിറ്റാണ്ടു മുമ്പ് സ്‌കൂളിൽ നിന്ന് പുകവലിയെ പുകച്ചു പുറത്തുചാടിക്കാൻ മുഖത്ത് മാസ്‌കിട്ട കെ.കെ. ദാമോദരൻ മാഷിനും പറയാനുണ്ട് ഒരു പോരാട്ടത്തിന്റെ കഥ. മാസ്‌ക് ധരിച്ച് പുകവലിക്കെതിരെ തുടങ്ങിയ ഒറ്റയാൾ മുന്നേറ്റം മാഷിനെ രണ്ടു തിരഞ്ഞെടുപ്പുകളിലെ സ്ഥാനാ‌ർത്ഥിയുമാക്കി. 'പുകവലി നിറുത്തലാക്കാൻ ഒരു വോട്ടു തരൂ...' അത് മാത്രമായിരുന്നു അഭ്യർത്ഥന.

ചിത്രകലാ അദ്ധ്യാപകനായ അദ്ദേഹം തിരൂർ സെന്റ് തോമസ് സ്കൂളിലാണ് മാസ്‌കിനെ ആയുധമാക്കിയത്. 1973 ൽ മായന്നൂർ സെന്റ് തോമസ് സ്കൂളിൽ അദ്ധ്യാപകനായ ശേഷം തിരൂരിലെത്തിയപ്പോൾ കണ്ടത് ടീച്ചേഴ്സ് റൂമിൽ പുകവലിക്കുന്ന ചില അദ്ധ്യാപകരെയാണ്. മാസ്ക് ധരിച്ചെത്തിയാണ് പ്രതികരിച്ചത്. ആദ്യം ഗുണദോഷിച്ചു. പിന്നെ ബോധവത്കരിക്കാൻ ചിത്രം വരച്ചു. വിദ്യാർത്ഥികൾക്കായി ക്ളാസുകളെടുത്തു. അദ്ധ്യാപകർ മാഷിനെതിരായി. സ്കൂളിനെതിരെ പ്രവർത്തിക്കുന്നുവെന്നും കുട്ടികളെ സമരത്തിന് പ്രേരിപ്പിക്കുന്നുവെന്നുമായി പരാതി.

അദ്ധ്യാപകർ മാഷിനെ ഘെരാവോ ചെയ്തു. എങ്കിലും ഒടുവിൽ അവരിൽ പലരും പുകവലി നിറുത്തി. 1986ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലാണ് പുകയിലവിരുദ്ധ മുദ്രാവാക്യം മുഴക്കി സ്വതന്ത്ര സ്ഥാനാർത്ഥിയായത്. നാനൂറോളം വോട്ടുകിട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു. അപ്പോഴും കിട്ടി 700 വോട്ട്. സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിയതിനാൽ ഇന്നലെ മാഷിന് വോട്ടു ചെയ്യാനുമായില്ല.

 പുകവലിക്കെതിരെ ഡ്യൂട്ടി ലീവിൽ

പുകവലിവിരുദ്ധ ബോധവത്കരണ ക്ളാസുകൾ നടത്താൻ ഡ്യൂട്ടി ലീവ് കിട്ടിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്കൂളുകളിൽ നൂറുകണക്കിന് ക്ളാസുകളെടുത്തു. കാമ്പസുകളിലുമെത്തി. ആന്റി നാർകോട്ടിക് കൗൺസിലിന്റെ സംസ്ഥാന അവാർഡും ലഭിച്ചു.പുല്ലഴി വടക്കുമുറി ശ്രീരാമകൃഷ്ണനഗർ കുട്ടത്തറവീട്ടിലാണ് താമസം. ഭാര്യ: രത്നം. മകൾ: ശില്പ ശ്രീനിത്ത്.

"ഇനി മത്സരത്തിനില്ല. 2005ൽ വിരമിച്ചെങ്കിലും ബോധവത്കരണ ക്ളാസുകൾ നടത്തുന്നുണ്ട്. ആദ്ധ്യാത്മിക പാഠങ്ങളും നൽകുന്നു. ദൈവത്തിന്റെയും മതത്തിന്റെയും പേരു പറയാതെ എല്ലാവരോടും കണ്ണടച്ച് സത്യത്തെ വിചാരിക്കുക എന്നു മാത്രമാണ് പറയാറുള്ളത്.

കെ.കെ. ദാമോദരൻ