
തൃശൂർ: സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയ്‌ക്ക് രാഷ്ട്രീയ നിരാശയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ആരോപിച്ചു. കേരളവർമ്മ കോളേജിൽ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിൽ നല്ലതല്ല.സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരളം എൽ.ഡി.എഫിന് മികച്ച വിജയം സമ്മാനിക്കും. യു.ഡി.എഫിന് രാഷ്ട്രീയ മൂല്യം ഇല്ലാതായി. അപവാദ പ്രചാരണം നടത്തിയും വർഗീയകക്ഷികളെ കൂട്ടുപിടിച്ചും നേട്ടമുണ്ടാക്കാമെന്ന യു.ഡി.എഫിന്റെ ചിന്ത വിലപ്പാേവില്ല.
മുഖ്യമന്ത്രിയെയും സ്പീക്കറെയും വ്യക്തിപരമായി വേട്ടയാടുന്നത് ചെറുക്കും. അവസരവാദ രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. അധികാരം കിട്ടാൻ തീവ്രവാദ കക്ഷികളെയും കൂടെകൂട്ടാൻ അവർ തയ്യാറായി.
കെ.എം. മാണിയെ പിന്നിൽ നിന്ന് കുത്തിയത് കോൺഗ്രസാണ്. അവരാണിപ്പോൾ കള്ളക്കണ്ണീർ ഒഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷനിലെ കാനാട്ടുകര ഡിവിഷനിലാണ് വിജയരാഘവന്റെ വോട്ട്. ഭാര്യ ഡോ. ആർ. ബിന്ദുവിനൊപ്പം രാവിലെ ഒമ്പതരയോടെ എത്തിയ വിജയരാഘവൻ ഒരു മണിക്കൂർ ക്യൂ നിന്ന ശേഷമാണ് വോട്ടിട്ടത്.