
തൃശൂർ: ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത തൃശൂരിൽ, മഹാമാരിയുടെ ആശങ്കകൾ മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് കനത്ത പോളിംഗ്; 75 ശതമാനം. കൊവിഡ് വ്യാപനമുണ്ടായിട്ടും പോളിംഗ് ഉയർന്നതിൽ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്.
കോർപറേഷനിൽ 63.69 ശതമാനം പേർ വോട്ട് ചെയ്തു. 2015ൽ 76.5 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ് ; കോർപറേഷൻ (71.88), നഗരസഭ (78.95), പഞ്ചായത്ത് (78.78). ഇടതുമുന്നണി മൂന്ന് മണ്ഡലങ്ങളും തൂത്തുവാരിയ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയുടെ പോളിംഗ് ശതമാനം 72.15 ശതമാനമായിരുന്നു.
രാവിലെ ആറരയോടെ തന്നെ പോളിംഗ് കേന്ദ്രങ്ങൾക്ക് മുന്നിൽ വോട്ടർമാർ ഇടം പിടിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെയായിരുന്നു പോളിംഗ് ഉയർന്നത്. ആദ്യ മണിക്കൂറിൽ തന്നെ പത്ത് ശതമാനത്തിനടുത്തെത്തി.
ഉച്ചയ്ക്ക് ഒരു മണിയാകുമ്പോൾ അമ്പത് ശതമാനം പേരും വോട്ടു ചെയ്ത് മടങ്ങി. ആറിന് ശേഷവും ചിലയിടങ്ങളിൽ വോട്ടിംഗ് തുടർന്നു. യന്ത്രങ്ങൾക്ക് തകരാർ ഉണ്ടായതിനെ തുടർന്ന് പോളിംഗ് വൈകി. വിയ്യൂർ, ആമ്പല്ലൂർ, മാള, ചാഴൂര്‍, അരിമ്പൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലായിരുന്നു യന്ത്രത്തകരാർ.