moideen

ഇല. കമ്മിഷണർക്ക് പരാതി നൽകിയത് ടി. എൻ. പ്രതാപൻ എം.പി

തൃശൂർ: മന്ത്രി എ.സി. മൊയ്തീൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഏഴ് മണിക്ക് മുമ്പ് വോട്ട് ചെയ്‌തെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും കാട്ടി ടി.എൻ. പ്രതാപൻ എം.പിയും ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റും തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി.

മന്ത്രിക്കെതിരെ നടപടി എടുക്കണമെന്നും ചട്ടം ലംഘിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മന്ത്രി മൊയ്തീൻ രാവിലെ 6.56 ന് വോട്ട് ചെയ്തെന്നാണ് പരാതി. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എം.എൽ.എയാണ് ആദ്യം രംഗത്തെത്തിയത്.

വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ 16 -ാം വാർഡിൽ കല്ലമ്പാറ ഒന്നാം നമ്പർ ബൂത്തിലെ വോട്ടറായിരുന്നു മന്ത്രി. രാവിലെ ആറരയോടെ തന്നെ മന്ത്രി ബൂത്തിലെത്തി. വരി നിന്നാണ് മന്ത്രി വോട്ട് ചെയ്തത്. എന്നാൽ പോളിംഗ് തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ മന്ത്രി വോട്ട് ചെയ്തെന്നാണ് പരാതി. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം. അതിന് മുമ്പ് വോട്ട് രേഖപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഏജന്റും പോളിംഗ് ഓഫീസർക്ക് പരാതി നൽകി.

''പ്രിസൈഡിംഗ് ഓഫീസർ ക്ഷണിച്ചിട്ടാണ് വോട്ട് ചെയ്‌തത്. ഇതിൽ വിശദീകരണം നൽകേണ്ടത് അവരാണ്. യു.ഡി.എഫിന്റെ വിവാദങ്ങൾക്ക് എവിടെയാണ് തെളിവ് ?. വിവാദങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടാനാണ് അവരുടെ ശ്രമം. ജനങ്ങൾ ഇതെല്ലാം തള്ളിക്കളയും. എൽ.ഡി.എഫ് വലിയ ഭൂരിപക്ഷം നേടും. തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ മികവുറ്റ പ്രവർത്തനം ഗുണമാകും.''

--മന്ത്രി മൊയ്തീൻ