election

തൃശൂർ: കൊവിഡ് വൈറസ് സൃഷ്ടിച്ച ഭീതി മറികടന്ന് ജില്ലയിലെ വോട്ടർമാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആര് ഭരിക്കണമെന്ന വിധി കുറിച്ചു. ജില്ലയിൽ 26.91 ലക്ഷം പേരായിരുന്നു വോട്ടർമാർ. ഉച്ചയ്ക്ക് ഒരു മണിയാകുമ്പോൾ അവരിൽ അമ്പത് ശതമാനം പേരും വോട്ട് ചെയ്ത് മടങ്ങി.

രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം കൊവിഡ് വ്യാപനവും തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക മൂന്ന് മുന്നണി നേതാക്കൾക്കുമുണ്ടെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയിലാണവർ.

വനിതാ വോട്ടർമാരുടേയും പുതിയ വോട്ടർമാരുടേയും വിധിയെഴുത്തും നിർണ്ണായകമാകും. ജില്ലയെ ചുവപ്പിച്ച 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായതും കരുത്ത് കാണിച്ചതും വനിതാ വോട്ടുകളായിരുന്നു. പോൾ ചെയ്ത വോട്ടുകളിൽ പുരുഷന്മാരേക്കാൾ 6.52 ശതമാനം പേരാണ് സ്ത്രീശക്തി തെളിയിച്ചത്. 13 നിയോജകമണ്ഡലങ്ങളിൽ തൃശൂർ, ഒല്ലൂർ, വടക്കാഞ്ചേരി ഒഴികെ പത്തിലും സ്ത്രീകളാണ് മുന്നിൽ. വിവിധ മണ്ഡലങ്ങളിൽ 0.68 മുതൽ 8.88 ശതമാനം വരെയാണ് സ്ത്രീ വോട്ടിലെ ഉയർച്ച. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇത്തവണയും നിർണ്ണായകമാവുന്നത് വനിതാ വോട്ടുകളാകും. ജില്ലയിൽ ആകെയുള്ള 26,91,371 വോട്ടർമാരിൽ 14,24,163 പേർ സ്ത്രീകളും 12,67,184 പേർ പുരുഷൻമാരും 24 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. 114 പ്രവാസികളും ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 18,089 വോട്ടുകൾ കന്നിവോട്ടുമാണ്.

പോളിംഗ് ശതമാനം രാവിലെ മുതൽ

കൊടിതോരണങ്ങൾ മാറ്റി പൊലീസ്

പോളിംഗ് കേന്ദ്രങ്ങൾക്ക് മുന്നിലെ കൊടിതോരണങ്ങൾ പൊലീസ് പലയിടങ്ങളിലും മാറ്റി. പോളിംഗിന് തലേദിവസവും ഇന്നലെയും കനത്ത പൊലീസ് സന്നാഹമായിരുന്നു ഏർപ്പെടുത്തിയത്. കൊവിഡ് വ്യാപനം കാരണം പ്രചാരണത്തിൽ കുറവുണ്ടാവാതിരിക്കാൻ മുൻ കാലങ്ങളേക്കാൾ കൊടിതോരണങ്ങളും ഫ്ളക്സുകളുമായിരുന്നു മൂന്ന് മുന്നണികളും ഉയർത്തിയത്. ചില ഗ്രാമങ്ങളിൽ പോലും മുൻ തിരഞ്ഞെടുപ്പിനേക്കാൾ മൂന്നിരട്ടി ഫ്ളക്സുകളായിരുന്നു ഒരുക്കിയത്.

സാമൂഹിക അകലം അകലേ...

സാമൂഹിക അകലം പലയിടങ്ങളിലും പാലിച്ചില്ലെന്ന് പരാതിയുയർന്നു. വട്ടം വരച്ച് വോട്ടർമാരെ നിറുത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും ചില കേന്ദ്രങ്ങളിൽ പാലിച്ചില്ല. ഒരു വരിയിൽ അമ്പതിലേറെ പേർ വരെ വരിയിലുണ്ടായിരുന്ന സ്ഥലങ്ങളുമുണ്ടായിരുന്നു. ചൂണ്ടൽ പഞ്ചായത്തിലെ മഴുവഞ്ചേരി ഭാരതീയ വിദ്യാവിഹാറിലെ രണ്ട് പോളിംഗ് കേന്ദ്രത്തിലും വരിയിൽ കൂട്ടം കൂടി നിൽക്കുകയായിരുന്നു വോട്ടർമാർ.