poiiing
പൂപ്പത്തി പട്ടികജാതി കമ്യൂണിറ്റി ഹാൾ ബൂത്തിൽ രാവിലെ അനുഭവപ്പെട്ട തിരക്ക്

മാളയിൽ കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടി

മാള: മാള മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ യന്ത്രം തകരാറിലായും സാങ്കേതിക തടസങ്ങളാലും വോട്ടിംഗ് വൈകി. മാള പഞ്ചായത്തിലെ വാർഡ് 18ൽ ഒന്നാം ബൂത്തിൽ ഒന്നര മണിക്കൂറിലധികം വൈകിയാണ് പോളിംഗ് തുടങ്ങിയത്. മെറ്റ്‌സ് ബൂത്തിൽ മുക്കാൽ മണിക്കൂറും വൈകി. ഇരു ബൂത്തുകളിലും കൺട്രോൾ പാനൽ തകരാറിലായതാണ് പോളിംഗ് തുടങ്ങാൻ തടസമായത്. വടമയിലെ ബൂത്തിൽ വോട്ടർമാർ രണ്ട് മണിക്കൂറിലധികം വരിയിൽ നിൽക്കേണ്ടി വന്നു. യന്ത്രം തകരാറിലായതോടെ പലരും തിരിച്ചു പോയി.

കുഴൂർ പഞ്ചായത്ത് വാർഡ് ഒന്ന് തെക്കൻ താണിശ്ശേരി സെന്റ് സേവ്യേഴ്‌സ് ബൂത്ത് ഒന്നിൽ യന്ത്ര തകരാറ് സംഭവിച്ച വോട്ടിംഗ് മെഷീനുകളുടെ തകരാറുകൾ പരിഹരിച്ചു. അന്നമനട പഞ്ചായത്തിലെ അഞ്ച് ബൂത്തുകളിലാണ് യന്ത്രങ്ങൾ പണിമുടക്കിയത്. ആളൂർ പഞ്ചായത്തിലെ വാർഡ് 15 ലും യന്ത്രം തകരാറിലായി ഒരു മണിക്കൂർ പോളിംഗ് തടസപ്പെട്ടു. പൊയ്യ പഞ്ചായത്തിലെ മാള പള്ളിപ്പുറം ബൂത്തിലും യന്ത്രം പണിമുടക്കി.

കഴൂർ പഞ്ചായത്തിലെ സർക്കാർ ഹൈസ്‌കൂൾ ബൂത്തിൽ നടൻ ജോജു ജോർജ് രാവിലെ വോട്ട് രേഖപ്പെടുത്തി. തൊടുപുഴയിലെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നാണ് ജോജു വോട്ട് രേഖപ്പെടുത്താനെത്തിയത്. ചില ഇടങ്ങളിൽ നെറ്റ് സ്പീഡില്ലാത്തത് പോൾ മാനേജരിന്റെ പ്രവർത്തനം മന്ദഗതിയിലാക്കി.

മാള ബ്ലോക്കിന്റെ പരിധിയിൽ 180 ബൂത്തുകളാണുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌പെഷൽ പൊലീസ് അടക്കം 200 ഓളം പേരാണുണ്ടായത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, സി.ഐ സജിൻ ശശി, എസ്.ഐ ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സുരക്ഷാ ചുമതല നിർവഹിച്ചു.

മാളയിൽ കോൺഗ്രസ് എ വിഭാഗം നേതാവ് ജോഷി പെരെപ്പാടനെ ഡി.സി.സി സെക്രട്ടറിയായ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എ.എ. അഷറഫ് മർദ്ദിച്ചതായി പരാതി. പരാതി അടിസ്ഥാന രഹിതമാണെന്നും തന്നെയാണ് മർദ്ദിച്ചതെന്നും എ.എ. അഷറഫ് വ്യക്തമാക്കി. ഇരുവരും മാള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കാവനാട് വാർഡിലെ ബൂത്തിൽ വച്ചാണ് സംഭവം..

പൂപ്പത്തി പട്ടികജാതി കമ്യൂണിറ്റി ഹാൾ ബൂത്തിൽ രാവിലെ അനുഭവപ്പെട്ട തിരക്ക്