കാഞ്ഞാണി: വോട്ട് ലിസ്റ്റിൽ പേര് ഒഴിവാക്കിയവർ വോട്ട് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. മണലൂർ പഞ്ചായത്തിലെ കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്‌കളിൽ ഒരുക്കിയ 12-ാം വാർഡിലെ നമ്പർ 2 ബൂത്തിലാണ് സംഭവം. ഭാര്യയും മകളും വോട്ട് ചെയ്ത് പോയതിന് പിന്നാലെ ഭർത്താവ് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് പ്രശ്നം മനസിലായത്. വോട്ട് ലിസ്റ്റിൽ നിന്ന് മൂന്നുപേരുടെയും പേര് ഒഴിവാക്കിയിട്ടുള്ളതാണ്. എന്നാൽ ഇത് അറിയാതെ ഇവർ വോട്ട് ചെയ്യാനെത്തുകയായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ശ്രിജ രാമചന്ദ്രൻ ബൂത്ത് പ്രീസൈഡിംഗ് ഓഫീസറായ ഷിഹാബിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നുണ്ടായ പരിശോധനയിലാണ് വോട്ട് ചെയ്ത് പോയ അമ്മയുടേയും മകളുടേയും വോട്ട് ചെയ്യാനെത്തിയ അച്ഛന്റേയും പേരുകൾ ഓഴിവാക്കിയിരുന്നതായി കണ്ടെത്തിയത്.
12-ാം വാർഡിൽ താമസിച്ചിരുന്ന ഇവർ വീടും സ്ഥലവും വിറ്റ് വേറൊരു വാർഡിൽ താമസിക്കുന്നതിനാലാണ് മുന്നുപേരുടേയും പേര് 12-ാം വാർഡിലെ വോട്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതെന്ന് പറയുന്നു.
ബൂത്ത് അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന് റിട്ടേണിംഗ് ഓഫീസർ ലക്ഷ്മി പറഞ്ഞു. മേൽ നടപടിക്കായി അന്തിക്കാട് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചതായും അവർ പറഞ്ഞു.