
തൃശൂർ : 54 ഡിവിഷനുകളിലും രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ നീണ്ട നിര. കൊവിഡ് പ്രോട്ടോക്കാൾ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിനായി അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും തിരക്ക് വന്നതോടെ അതെല്ലാം ലംഘിച്ചു. വയോജനങ്ങൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വരികളുണ്ടായിരുന്നു.
പോളിംഗ് ബൂത്തിനുള്ളിലേക്ക് രണ്ട് പേരെ വീതം മാത്രമാണ് കടത്തി വിട്ടിരുന്നത്. കോർപറേഷന്റെ പല വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ മൂന്ന് മുന്നണികളും പരമാവധി വോട്ടർമാരെ എത്തിക്കാൻ ശ്രമം നടത്തി.
കൂസലില്ലാതെ വയോധികർ
കൊവിഡ് ഭീതിയുടെ അടിസ്ഥാനത്തിൽ പ്രായമായവർ വോട്ട് ചെയ്യാനെത്തുമോയെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും രാവിലെ തന്നെ ഇവരുടെ നീണ്ടനിര കാണപ്പെട്ടു. വടക്കാഞ്ചേരി കരുമത്ര ഒന്നാം വാർഡിൽ 90 വയസുള്ള ചേർപ്പിൽ വീട്ടിൽ രാമൻ ഷർട്ട് പോലും ഇടാതെ വടി കുത്തിപിടിച്ചെത്തിയാണ് വോട്ടവകാശം വിനിയോഗിച്ചത്. പല വീടുകളിലും വോട്ട് ചെയ്യാൻ പോകേണ്ടായെന്ന മക്കളുടെ വിലക്കുകൾ ലംഘിച്ചാണ് വയോധികർ ബൂത്തിലെത്തിയത്.
അയ്യോ ... വണ്ടി വിടേണ്ട
കൊവിഡ് ഭീതിയെ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ ഏർപ്പെടുത്തുന്ന ഓട്ടോകളെ അകറ്റി വോട്ടർമാർ. രാഷ്ട്രീയ പാർട്ടികൾ സ്വന്തമായി വാഹനം ഏർപ്പെടുത്തരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും വോട്ട് ഉറപ്പിക്കുന്നതിന് വോട്ടർമാരെ കൊണ്ട് സ്ഥാനാർത്ഥികളും പാർട്ടികളും വാഹനങ്ങൾ കൊണ്ടുവരിക പതിവാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനാൽ ഇത് കണ്ടില്ലെന്ന് നടക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഭൂരിഭാഗം പേരും പാർട്ടിക്കാർ അയക്കുന്ന വാഹനങ്ങോട് താത്പര്യം കാണിച്ചില്ല. ബൈക്കുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് വോട്ട് ചെയ്യാനെത്തിയത്. കണ്ണ് കാണാത്തവരെയും മറ്റും ഇത്തരം വണ്ടികളിലെത്തിച്ച് ഓപ്പൺ വോട്ട് ചെയ്യിക്കാറാണ് പതിവെങ്കിലും അത് പല സ്ഥലത്തും നടന്നില്ല.
കരുതലായി പേന, സാനിറ്റൈസർ
വോട്ടിംഗ് മെഷീനിൽ കൈവിരൽ പതിപ്പിക്കാൻ ഭയമുള്ള പലരും വോട്ട് ചെയ്യാനെത്തിയപ്പോൾ കൈയിൽ പേനയും കരുതിയിരുന്നു. പോളിംഗ് ബൂത്തിൽ സാനിറ്റൈസർ ഉണ്ടായിരുന്നെങ്കിലും വോട്ടർമാർ അതും കൈയിലെടുത്തിരുന്നു.