പുതുക്കാട്: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലായി 269 ബൂത്തുകളിലും വോട്ടിംഗ് സമാധാനപരം. രാവിലെ മുതൽ തന്നെ ഭൂരിഭാഗം ബൂത്തുകളിലും നീണ്ടനിരയായിരുന്നു. പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ രാവിലെ തന്നെയെത്തിയിരുന്നു.

ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർ മൂലം വോട്ടിംഗ് തടസപ്പെട്ടു. അളഗപ്പനഗർ പഞ്ചായത്തിലെ പതിനാലാം വാർഡ് മണ്ണംപേട്ട മാത സ്‌കൂളിലെ രണ്ട് ബൂത്തുകളിൽ യന്ത്രം തകരാറിലായതോടെ വോട്ടിംഗ് തടസപ്പെട്ടു. ഇഞ്ചക്കുണ്ട് ലൂർദ് മാത സ്‌കൂളിലെ രണ്ടാം നമ്പർ ബൂത്തിലെ കൺട്രോൾ യൂണിറ്റ് തകരാറിലായതോടെ ഒന്നര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു.

തൃക്കൂർ ആലേങ്ങാട് ശങ്കര യു.പി.സ്‌കൂളിലെ ബൂത്തിൽ യന്ത്ര തകരാർ മൂലം വോട്ടിംഗ് തടസപ്പെട്ടു. പിന്നീട് വോട്ടിംഗ് യന്ത്രം മാറ്റിവച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ഒന്നാം നമ്പർ ബൂത്തായ ചെങ്ങാലുരിലെ സെന്റ് മേരീസ് ഹൈസ്‌കൂൾ ബൂത്തിലെ യന്ത്രമാണ് മൂന്ന് തവണ തകരാറിലായത്. തോട്ടം വനം മേഖല ഉൾപ്പെടുന്ന പാലപ്പിള്ളി, എച്ചിപ്പാറ പ്രദേശങ്ങളിൽ രാവിലെ തിരക്ക് കുറവായിരുന്നു.