
പുതുക്കാട്: പറപ്പൂക്കര പഞ്ചായത്ത് മൂന്നാം വാർഡിലെ പോളിംഗ് സ്റ്റേഷനായ രാപ്പാൾ കരയോഗം എൽ.പി സ്കൂളിൽ നൂറ്റിനാല് വയസുള്ള ലക്ഷ്മി മുത്തശ്ശി വോട്ട് ചെയ്യാനെത്തിയത് കൊച്ചുമകൻ്റെ വിജയത്തിനാണ്. രാപ്പാൾ കിഴക്കേവളപ്പിൽ അപ്പുണ്ണിയുടെ ഭാര്യയായ ലക്ഷ്മിയുടെ കൊച്ചുമകനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ മനോജ്.
കൊച്ചുമകൻ സ്ഥാനാർത്ഥിയായതിനാലാണ് നുറ്റിനാല് വയസിൻ്റെ അവശതകൾ മറന്ന് ഇത്തവണ വോട്ട് ചെയ്യാനെത്തിയതെന്ന് ലക്ഷ്മി പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നപ്പോൾ തന്നെ മനോജ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. മനോജിൻ്റെ വിജയം ഉറപ്പാണെന്നാണ് മുത്തശ്ശി പറയുന്നത്. കാഴ്ച കുറവായതിനാൽ ലക്ഷ്മിക്കായി മനോജിൻ്റെ ഭാര്യ ജിജോയാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച വാർഡ് തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മനോജും യു.ഡി.എഫ് പ്രവർത്തകരും.
ഉച്ചഭക്ഷണത്തിനായി പോളിംഗ്
നിറുത്തിവച്ചെന്ന് ആക്ഷേപം
തൃശൂര്‍: തൃശൂര്‍ കോര്പറേഷന് പരിധിയിലുള്ള പോളിംഗ് ബൂത്തില്‍ ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണത്തിനായി വോട്ടെടുപ്പ് നിറുത്തിവെച്ചതായി ആക്ഷേപം. കിഴക്കുംപാട്ടുകര ഡിവിഷനിലെ നിര്‍മ്മല മാതാ സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് നിറുത്തിവെച്ചത്.
വോട്ടര്‍മാര്‍ ഒന്നര മണിക്കൂറോളം വരിയിൽ നിന്ന് നട്ടംതിരിഞ്ഞു. ഇതിനിടെ കുറച്ചുപേര്‍ കാത്തുനിന്ന് മടുത്ത് തിരിച്ചുപോകുകയും ചെയ്തു. തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോണ്‍ ഡാനിയേല്‍ കളക്ടറെ ബന്ധപ്പെട്ടതിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. ഉച്ചഭക്ഷണത്തിനായി പോളിംഗ് നിറുത്തിവെച്ചത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്ന് ജോണ്‍ ഡാനിയേല്‍ പറഞ്ഞു.
വൈകീട്ട് ആറിന് വോട്ട്
ചെയ്യാൻ നാനൂറോളം പേർ
പുതുക്കാട്: മറ്റത്തൂർ പഞ്ചായത്ത് രണ്ടാം വാർഡ് നാഡിപ്പാറ സംസ്കാരിക നിലയത്തിലെ രണ്ടാം നമ്പർ ബൂത്തിൽ വൈകീട്ട് ആറിന് വോട്ട് ചെയ്യാൻ ക്യൂവിൽ ഉണ്ടായിരുന്നത് നാനൂറോളം വോട്ടർമാർ. 983 വോട്ടർമാരുള്ള ഈ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറ് മൂലം രാവിലെ ഒന്നര മണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. പകൽ സമയം വോട്ട് ചെയ്യാനെത്തിയത് വളരെ കുറവ് വോട്ടർമാരാണ്. വരിയിലുള്ള എല്ലാവർക്കും ടോക്കൺ കൊടുത്ത് അധികൃതർ വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കി.