
തൃശൂർ: തിരഞ്ഞെടുപ്പിനിടയിൽ വിവിധയിടങ്ങളിൽ വിവിധ ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ ഉണ്ടായതിനെ തുടർന്ന് പോളിംഗ് കുറച്ചുനേരം മുടങ്ങി. 
എരുമപ്പെട്ടി പഞ്ചായത്തിൽ എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 18ാം വാർഡ് ബൂത്ത് ഒന്നിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ വോട്ടിംഗ് ചിഹ്നത്തിലാണ് തകരാർ കണ്ടെത്തിയത്. ഇതോടെ നിറുത്തിവെച്ച വോട്ടെടുപ്പ് തകരാർ പരിഹരിച്ച് പുനരാരംഭിച്ചു.
കടങ്ങോട് പഞ്ചായത്ത് 13ാം വാർഡിൽ രണ്ടാം ബൂത്ത് എയ്യാൽ നിർമ്മലമാതാ സ്കൂളിലും വോട്ടിംഗ് യന്ത്രം തകരാറിലായി. ഒരു മണിക്കൂറിനുള്ളിൽ യന്ത്രത്തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. കടങ്ങോട് പഞ്ചായത്ത് പത്താം വാർഡിലെ 2ാം നമ്പർ ബൂത്ത് വെള്ളത്തേരിയിൽ വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം ഒന്നരമണിക്കൂർ വൈകിയാണ് വോട്ടാരംഭിച്ചത്. വേലൂർ പഞ്ചായത്തിലെ 5ാം വാർഡ് ബൂത്ത് ഒന്നിലും (പ്രാഥമികാരോഗ്യകേന്ദ്രം) 10 മിനിട്ട് വോട്ടിംഗ് യന്ത്രം തകരാറിലായി. കുന്നംകുളം മേഖലയിലെ വിവിധയിടങ്ങളിലും യന്ത്രത്തകരാറിൽ പോളിംഗ് വൈകി.
ചാഴൂരിൽ
ചാഴൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ആലപ്പാട് എൽ.പി സ്കൂളിൽ ബൂത്ത് നമ്പർ രണ്ടിലെ വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ടു. 10 പേർ വോട്ട് ചെയ്ത ശേഷമാണ് തകരാറിലായത്. ശരിയാക്കിയെങ്കിലും പിന്നീട് 22 പേർ വോട്ട് ചെയ്തതോടെ മെഷീൻ വീണ്ടും തകരാറിലായി. അരമണിക്കൂറിന് ശേഷം തകരാർ പരിഹരിച്ചു.
മാള മേഖലയിൽ
വോട്ടിംഗ് യന്ത്രത്തിലെ കൺട്രോൾ പാനൽ തകരാറിലായതിനെ തുടർന്ന് മാള പഞ്ചായത്തിലെ വാർഡ് 18 ൽ ഒന്നാം ബൂത്തിൽ ഒന്നര മണിക്കൂറും മെറ്റ്സ് ബൂത്തിൽ മുക്കാൽ മണിക്കൂറും വോട്ടിംഗ് വൈകി. വടമയിൽ ബൂത്തിൽ വോട്ടർമാർ രണ്ട് മണിക്കൂറിലധികം വരിയിൽ നിൽക്കേണ്ടി വന്നു. പലരും തിരിച്ചു പോയി. കുഴൂർ പഞ്ചായത്ത് വാർഡ് ഒന്ന് തെക്കൻ താണിശ്ശേരി സെന്റ് സേവ്യേഴ്സ് ബൂത്ത് ഒന്ന്, അന്നമനട പഞ്ചായത്തിലെ അഞ്ച് ബൂത്തുകൾ, ആളൂർ പഞ്ചായത്തിലെ വാർഡ് 15 ലും പൊയ്യ പഞ്ചായത്തിലെ മാള പള്ളിപ്പുറം ബൂത്തിലും യന്ത്രം പണിമുടക്കി.
പുതുക്കാട്
അളഗപ്പനഗർ പഞ്ചായത്തിലെ പതിനാലാം വാർഡ് മണ്ണംപേട്ട മാത സ്കൂളിലെ രണ്ട് ബൂത്തുകളലും ഇഞ്ചക്കുണ്ട് ലൂർദ് മാത സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലും തൃക്കൂർ ആലേങ്ങാട് ശങ്കര യു.പി.സ്കൂളിലെ ബൂത്തിലും യന്ത്ര തകരാറിൽ വോട്ടിംഗ് തടസപ്പെട്ടു.
തളിക്കുളത്ത് 
തളിക്കുളം പഞ്ചായത്തിൽ 3, 5 വാർഡുകളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. മൂന്നാം വാർഡിലെ രണ്ടാം ബൂത്തിൽ രണ്ട് തവണയാണ് മെഷീൻ കേടായത്. രാവിലെ എട്ടരയോടെ കേടു വന്ന മെഷീൻ മുക്കാൽ മണിക്കൂറിന് ശേഷം ശരിയാക്കി. ഉച്ചയ്ക്ക് ശേഷം വീണ്ടും കേടുവന്നു. പിന്നീട് വേറൊരു മെഷീനെത്തിച്ച് വോട്ടെടുപ്പ് തുടർന്നു. അഞ്ചാം വാർഡിൽ ഒന്നാം ബൂത്തിലാണ് മെഷീന്റെ സ്ക്രൂ ഇളകി പ്രവർത്തിക്കാതായത്. മുക്കാൽ മണിക്കൂർ തടസപ്പെട്ടു.
നാട്ടികയിൽ കള്ളവോട്ട്
തൃപ്രയാർ: നാട്ടിക പഞ്ചായത്ത് എട്ടാം വാർഡ് ബൂത്ത് രണ്ടിൽ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ രണ്ട് പേരെ ബൂത്തിനുള്ളിൽ തടഞ്ഞു വെച്ചു. ക്രമനമ്പർ 666, 667 പ്രകാരം സജീവൻ, ഭാര്യ ലിന്റ എന്നിവരാണ് വോട്ട് ചെയ്തത്. പട്ടികയിൽ ഇവരുടെ പേരുകൾക്ക് നേരെ ഡിലിറ്റഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. പോളിംഗ് എജന്റ് എതിർത്തെങ്കിലും ഇവർ വോട്ടു രേഖപ്പെടുത്തി. വലപ്പാട് പൊലീസും പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറും സ്ഥലത്തെത്തി ചർച്ച നടത്തി. നിയമപരമായി നടപടിയെടുക്കാമെന്ന് കളക്ടർ ഉറപ്പു നൽകിയതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.