പാവറട്ടി: ഭൂമി തട്ടിപ്പ് എന്നു പറഞ്ഞ് എളവള്ളി പഞ്ചായത്തിൽ വ്യാപകമായി പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ എളവള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി കോടതിയിൽ സി.പി.എം നേതാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. രണ്ട് പ്രാദേശിക സി.പി.എം നേതാക്കളെയും പ്രസ്സ് ഉടമയെയും പ്രതിയാക്കിയാണ് മാനനഷ്ടത്തിനുള്ള കേസ് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്തത്.
നാല് മാസം മുൻപെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹോദരന്റ ഭൂമി തട്ടിച്ചുവെന്ന് പറഞ്ഞ് പോസ്റ്റർ ഒട്ടിക്കുകയും അതുമായി ബന്ധപ്പെട്ട തെളിവുകൾ കാണിക്കാമെന്ന് പറഞ്ഞ സി.പി.എം നേതൃത്വം നാല് മാസമായി തെളിവ് കാണിക്കാത്തതാണ് മാനനഷ്ടത്തിനു കേസ് കൊടുക്കാൻ കാരണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി പറഞ്ഞു.