 
കയ്പമംഗലം: രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് തീരദ്ദേശത്ത് സമാധാനപരമായി നടന്നു. പോളിംഗ് കുറയാഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് മുന്നണികളും സ്ഥാനാർത്ഥികുളും കുരുതുന്നത്. കൊവിഡ് ജാഗ്രതയിൽ നടന്ന തിരഞ്ഞെടുപ്പായതുകൊണ്ട് വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറുകൾക്കകം മിക്ക ബൂത്തുകളിലും നല്ല തിരക്ക് അനുഭവപെട്ടിരുന്നു. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാൻ എത്തുന്നവരോടും പാർട്ടി പ്രവർത്തകരോടും പൊലീസ് കൊവിഡ് പ്രോട്ടോക്കാൾ നിർദ്ദേശം നൽകുന്നുണ്ടായിരുന്നു. വൈകീട്ട് 5 മണിക്കകം തന്നെ സാധാരണ വോട്ടർ മാർ എത്തി വോട്ടു രേഖപെടുത്തിയിരുന്നു. 5 മണിക്ക് ശേഷം ക്വാറന്റൈനിൽ കഴിയുന്നവർക്ക് വോട്ടു രേഖപെടുത്തൻ അവസരം നൽകി. അഞ്ച് മണിക്ക് ശേഷം കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് പി.പി.ഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിച്ച് നിരവധി കൊവിഡ് രോഗികളും പ്രൈമറി കോണ്ടാക്റ്റുള്ളവരും വോട്ടു രേഖപെടുത്താൻ എത്തി.
എടത്തിരുത്തി പഞ്ചായത്തിൽ 73.92 ശതമാനവും കയ്പമംഗലം പഞ്ചായത്തിൽ 74.06 ശതമാനവും പെരിഞ്ഞനത്ത് 76.27 ശതമാനവും മതിലകത്ത് 76.5 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിയിലും പോളിംഗ് ശതമാനം കുറയാതിരുന്നത് മൂന്നു മുന്നണികളിലും ആത്മവിശ്വാസവും വിജയ പ്രതീക്ഷകളും നൽകുന്നു.