ചാലക്കുടി: ചാലക്കുടി നിയോജക മണ്ഡലത്തിൽ കനത്ത പോളിംഗ്. നഗരസഭാ പരിധിയിലും പഞ്ചായത്തുകളിലും കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന പോളിംഗ് നടന്നു. പല ബൂത്തുകളിലും രാവിലെ മുതൽ നീണ്ട ക്യൂ അനുഭവപ്പെട്ടു. ആറോളം കേന്ദ്രങ്ങളിൽ യന്ത്രം തകരാറായതിനെ തുടർന്ന് പോളിംഗ് വൈകി.

പൂലാനി വി.ബി.യു.പി സ്‌കൂളിൽ രണ്ടു മണിക്കൂർ വൈകി രാവിലെ ഒമ്പതിനാണ് പോളിംഗ് തുടങ്ങിയത്. മോതിരക്കണ്ണി സ്കൂളിലും ഒന്നേകാൽ മണിക്കൂറിന് ശേഷമായിരുന്ന യന്ത്ര തകരാർ ശരിയാക്കിയത്. മുരിങ്ങൂർ, മാമ്പ്ര എന്നിവടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി.വൈകീട്ട് ആറു മണിക്കുള്ളിൽ എത്തിയവരെ മുഴുവൻ വോട്ടു ചെയ്യാൻ അനുവദിച്ചു.

പഞ്ചായത്തുകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ, പരിയാരം സെന്റ് ജോർജ്ജ് സ്‌കൂൾ, കലിക്കൽ, പൂലാനി പകൽവീട് എന്നിവിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിര കാണപ്പെട്ടു. കനത്ത വെയിൽ വോട്ടർമാരെ അങ്കലാപ്പിലാക്കി. പലയിടത്തും ആളുകൾ പലവട്ടം വട്ടം തിരിച്ചു പോക്കും വീണ്ടുമെത്തലും നടത്തി.

ചാലക്കുടി നഗരസഭയിലും ഇതര പഞ്ചായത്തുകളിലും വോട്ടിംഗിന് ഉച്ചവരെ കനത്ത തിരക്ക് അനുഭവപ്പെട്ടു. നഗരസഭയിലെ ഉറുമ്പൻകുന്ന്, പോട്ടയിലെ പനമ്പിള്ളി കോളേജ്, പോട്ട സ്‌കൂൾ, നോർത്ത് ചാലക്കുടി സെന്റ്് ജോസഫ് ചർച്ച് ഹാൾ, കൂടപ്പുഴ ബാംബു കോർപറേഷൻ ഓഫീസ് തുടങ്ങിയ ബൂത്തുകളിൽ നീണ്ടനിര കാണാമായിരുന്നു. കൂടപ്പുഴയിൽ വോട്ടർമാർ പൊരി വെയിലത്ത് നിൽക്കേണ്ട ഗതികേടിലുമായി. പലരും വെയിലിനെ മറയ്ക്കാൻ കുടചൂടി. രണ്ടുമണിക്കൂറോളം ബുത്തിന് മുന്നിൽ നിന്നവർ പലരുംക കുടിവെള്ളം കിട്ടാതെ നട്ടംതിരിഞ്ഞു.