
വടക്കാഞ്ചേരി: വോട്ട് ചെയ്യാൻ അധികൃതർ അവസരം ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി കൊവിഡ് രോഗികളും നിരീക്ഷണത്തിൽ ഇരിക്കുന്നവരും പോളിംഗ് ബൂത്തിലെത്തി.നഗരസഭയിലെ പെരിങ്ങണ്ടൂർ വായനശാലയിലായിരുന്നു സംഭവം. 33ാം ഡിവിഷനിൽ കൊവിഡ് രോഗികളും നിരീക്ഷണത്തിലുമായി 25 പേർ ഉള്ളതായാണ് വിവരം. ഇതിൽ ഒമ്പത് പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഒരാഴ്ചയിലധികമായി രോഗം സ്ഥിരീകരിച്ചവരും നിരീക്ഷണത്തിലുള്ളവരും ഉണ്ടായിട്ടും മുഴുവൻ പേർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയില്ലെന്നും വോട്ടവകാശം നിഷേധിച്ചു എന്നുമാണ് ഇവരുടെ പരാതി. ഏതാനും പേർക്ക് മാത്രമാണ് സൗകര്യം ഒരുക്കിയത്.
ആറംഗ കുടുംബത്തിലെ നാല് പേർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയപ്പോൾ രണ്ട് പേർക്ക് ലഭിച്ചില്ലെന്ന് ഇവർ പറഞ്ഞു.
വൈകിട്ട് ഏതാനും പേർ പി.പി.ഇ കിറ്റണിഞ്ഞ് റോഡിലൂടെ നടന്നും മറ്റുള്ളവർ വാഹനങ്ങളിലുമായി ബൂത്തിലെത്തി. പതിനൊന്ന് പേർ ഒരുമിച്ചാണ് ബൂത്തിലെത്തിയത്. ഇവരെ കണ്ട് അമ്പരന്ന നാട്ടുകാരെ പൊലീസ് പിരിച്ചുവിട്ടു. തുടർന്ന് വോട്ട് ചെയ്യാൻ അനുമതി നൽകി അധികൃതർ പ്രശ്‌നം പരിഹരിച്ചു.
കൊവിഡ് രോഗികളെ മടക്കി അയച്ചു
വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തിയിൽ വൈകിട്ട് ആറ് മണി കഴിഞ്ഞ് എത്തിയ ആറ് കൊവിഡ് രോഗികളെ വോട്ട് ചെയ്യാൻ അനുവദിക്കാതെ മടക്കി അയച്ചു.