വാടാനപ്പിള്ളി: ക്വാറന്റൈനിൽ കഴിയുന്ന സ്‌പെഷൽ ബാലറ്റ് കൈപ്പറ്റിയ രണ്ടുപേർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വോട്ട് ചെയ്യാനെത്തി. തളിക്കുളം പതിനൊന്നാം വാർഡിലാണ് സംഭവം. അദ്യത്തെ വോട്ടർ എത്തിയപ്പോൾ ഇയാൾ സ്‌പെഷൽ ബാലറ്റ് കൈപ്പറ്റിയിട്ടുള്ളത് പോളിംഗ് എജന്റുമാർ ശ്രദ്ധയിൽ പെടുത്തി. ഇതേ തുടർന്ന് ഇയാളോട് വീട്ടിലേക്ക് പോകുവാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. എന്നാൽ പിന്നീട് ക്വാറന്റൈനിലുള്ള മറ്റൊരാളും എത്തി. ഇയാൾ ഒരു സ്ഥാനാർത്ഥിയോടൊപ്പമാണ് എത്തിയതെന്ന് ആക്ഷേപമുണ്ട്. ഇയാളെയും ഉദ്യോഗസ്ഥർ തിരിച്ചയച്ചു.