
തൃശൂർ: മന്ത്രി എ.സി. മൊയ്തീൻ നിശ്ചിത സമയത്തിന് മുൻപ് വോട്ട് ചെയ്ത പരാതിയിൽ പ്രിസൈഡിംഗ് ഓഫീസർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറുടെ റിപ്പോർട്ട്. തന്റെ വാച്ചിൽ അപ്പോൾ സമയം ഏഴ് മണിയായിരുന്നുവെന്നും, പോളിംഗ് ഏജന്റുമാരും മന്ത്രിയടക്കം നിരവധി വോട്ടർമാരും വോട്ട് ചെയ്യാനായി ഉണ്ടായിരുന്നുവെന്നും പ്രിസൈഡിംഗ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പോളിംഗ് ഏജന്റുമാരുടെ അനുമതിയോടെയാണ് വോട്ടിംഗ് ആരംഭിച്ചതെന്നും ആ സമയത്ത് ആരും പരാതിപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
കളക്ടറുടെ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.
അതേസമയം, മന്ത്രിയെയും പ്രിസൈഡിംഗ് ഓഫീസറെയും സംരക്ഷിക്കുന്ന നിലപാടാണ് കളക്ടറുടേതെന്ന് ടി.എൻ പ്രതാപൻ എം.പി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദൃശ്യമാദ്ധ്യമങ്ങളിലടക്കം ദൃശ്യം പരിശോധിച്ചാൽ മന്ത്രി നേരത്തെയാണ് വോട്ട് ചെയ്തതെന്ന് മനസിലാവും. മന്ത്രിയുടെ വോട്ട് റദ്ദാക്കണമെന്നും, എൽ.ഡി.എഫ്. കൺവീനറെപ്പോലെ പെരുമാറുന്ന കളക്ടർ എസ്. ഷാനവാസിനെ വോട്ടെണ്ണൽ ചുമതലയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി പ്രതാപനും ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റും അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ
76.78ശതമാനം പോളിംഗ്
തിരുവനന്തപുരം: എറണാകുളം, കോട്ടയം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കായി രണ്ടാംഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ അന്തിമ വിശകലനത്തിൽ പോളിംഗ് 76.78 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 78.74 ശതമാനമായിരുന്നു.
അന്തിമ പോളിംഗ് ശതമാനം ജില്ല തിരിച്ച്
കോട്ടയം- 73.95
എറണാകുളം- 77.25
തൃശൂർ- 75.10
പാലക്കാട്- 78.14
വയനാട്- 79.49
കോർപറേഷൻ
കൊച്ചി- 62.04
തൃശൂർ- 63.31