
തൃശൂർ: തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിനിടെ എവിടെയെല്ലാം അട്ടിമറി നടക്കുമെന്ന ചിന്തയിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും തലപുകയ്ക്കുകയാണ് സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ എല്ലാ സ്ഥലങ്ങളിലും വോട്ട് ചെയ്തവരുടെ കണക്ക് അനുസരിച്ച് പ്രാഥമിക വിലയിരുത്തലുകൾ പ്രാദേശികതലത്തിൽ തന്നെ നടത്തി. ഇന്നലെ വീണ്ടും പല സ്ഥലങ്ങളിലും നേതാക്കൾ വിശദമായ വിലയിരുത്തലുകൾക്കായി യോഗം വിളിച്ചു ചേർക്കുകയും ചെയ്തു.
ലഭിക്കുന്ന വിവരങ്ങൾ പ്രകാരം തൃശൂർ കോർപറേഷനിലാണ് അട്ടിമറി സാദ്ധ്യത കൂടുതലുള്ളതായി വിലയിരുത്തുന്നത്. നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ ജില്ലാപഞ്ചായത്തിലെയും ബ്‌ളോക്ക് ഗ്രാമപഞ്ചായത്തുകളിലെയും കണക്കുകൂട്ടലുകളിൽ കാര്യമായ വ്യത്യാസം വരില്ലെന്നാണ് പൊതുനിഗമനം. വനിതാ വോട്ടർമാരുടെയും കന്നിവോട്ടർമാരുടെയും മനസിലിരിപ്പ് എന്താണെന്ന് മൂന്ന് മുന്നണികൾക്കും വ്യക്തമല്ല.
കൊവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനത്തെ ആദ്യ നാല് ജില്ലകളിലൊന്നായ തൃശൂരിൽ, 75.5 ശതമാനത്തിലേറെപ്പേർ വോട്ട് ചെയ്തതും നിർണ്ണായകമാണ്. വിജയം തങ്ങൾക്കെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും പോളിംഗിലെ ഉയർച്ച എങ്ങനെ സ്വാധീനിക്കുമെന്ന് കൃത്യമായി ഗണിക്കാൻ നേതാക്കൾക്ക് ആവുന്നില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ, മുനിസിപ്പാലിറ്റി, കോർപറേഷൻ ഉൾപ്പെടെ എല്ലാ തലങ്ങളിലും തൂത്തുവാരുമെന്ന് എൽ.ഡി.എഫ് പ്രത്യാശ പ്രകടിപ്പിക്കുമ്പോൾ, എല്ലാ തലങ്ങളിലും തങ്ങൾ ശക്തമായി തിരിച്ചു വരുന്നുവെന്നതാണ് ഉയർന്ന പോളിംഗ് സൂചിപ്പിക്കുന്നതെന്ന് യു.ഡി.എഫും വ്യക്തമാക്കുന്നു. എന്നാൽ, അനുകൂല തരംഗം പ്രകടമായിരുന്നുവെന്നും ഇടതു വലതു മുന്നണികൾക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായതെന്നും എൻ.ഡി.എയും അടിവരയിടുന്നു.
വിവാദങ്ങൾ ബാക്കി
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യു.ഡി.എഫ്. എൽ.ഡി.എഫ് പോര് കടുക്കുകയാണ്. മന്ത്രി എ.സി. മൊയ്തീൻ നിശ്ചിതസമയത്തിന് മുൻപ് വോട്ട് ചെയ്ത് ചട്ടലംഘനം നടത്തിയെന്ന ആരോപണം ശക്തമാക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്ന ടി.എൻ പ്രതാപൻ എം.പി, ജില്ലാ കളക്ടറുടെ റിപ്പോർട്ട് തള്ളുകയും ചെയ്തു.
കൊവിഡിന്റെ പേരിലും ?
അതിനിടെ, ജില്ലയിൽ ക്വാറന്റൈൻ, കൊവിഡ് വോട്ടുകളുടെ പേരിൽ വ്യാപകമായി തട്ടിപ്പുകൾ നടന്നതായും ആക്ഷേപമുണ്ട്. സ്ഥലത്തില്ലാത്ത ആളുകളുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കൊവിഡ് പ്രത്യേക ബാലറ്റുകൾ അയച്ചതായും അവ ചിലർ സ്വന്തമാക്കിയതായുമാണ് ആരോപണം. ചിലർ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ ക്വാറന്റൈനിലുള്ള വ്യക്തിയായതിനാൽ ബൂത്തിൽ വോട്ട് ഇല്ലെന്നും പ്രത്യേക ബാലറ്റ് അയച്ചിട്ടുണ്ടെന്നുമായിരുന്നു പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇവർക്ക് പ്രത്യേക ബാലറ്റ് കിട്ടിയിട്ടുമില്ല. വോട്ട് ലഭിക്കില്ല എന്നുറപ്പുള്ളവർക്ക്, കൊവിഡ് സ്ഥിരീകരിച്ചിട്ടും പ്രത്യേക ബാലറ്റ് അയയ്ക്കാതെ വോട്ട് നഷ്ടപ്പെടുത്താനും ശ്രമം നടന്നതായി പറയുന്നു.