poling

തൃശൂർ: പോളിംഗിൽ ഗണ്യമായ കുറവുണ്ടായെങ്കിലും തൃശൂർ കോർപ്പറേഷനിൽ വിജയ പ്രതീക്ഷ ഒട്ടും കുറയ്ക്കാൻ തയ്യാറല്ല മുന്നണികൾ. 2015 നെ അപേക്ഷിച്ച് 8 ശതമാനം കുറഞ്ഞ് 63.79 ശതമാനം മാത്രമാണ് ഇത്തവണത്തെ പോളിംഗെങ്കിലും കൊവിഡാണ് വില്ലനായതെന്ന കണക്കുക്കൂട്ടലിലാണ് മുന്നണികൾ. 2015ൽ 71.89 ശതമാനമായിരുന്നു കോർപ്പറേഷൻ പരിധിയിലെ പോളിംഗ്. കൊവിഡ് പലർക്കും വോട്ട് രേഖപ്പെടുത്താൻ ഭീതിയുണ്ടാക്കി. പ്രത്യേകിച്ച് പ്രായമായവർക്കാണ് കൊവിഡ് കൂടുതൽ പേടിയുണ്ടാക്കിയതെന്ന് രാഷ്ട്രീയ പാർട്ടികൾ വിലയിരുത്തുന്നു. പോളിംഗ് കൂടുമ്പോഴും കുറയുമ്പോഴും മുന്നണികൾക്ക് നെഞ്ചിടിപ്പാണ് പതിവുള്ളതെങ്കിലും ഇത്തവണ അങ്ങനെയില്ല. പോളിംഗ് കുറയുന്നതും കൂടുന്നതും തങ്ങളുടെ വിജയപ്രതീക്ഷകളെ ബാധിക്കില്ലെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. കുറഞ്ഞ പോളിംഗ് ശതമാനം ജയപ്രതീക്ഷയെ എങ്ങനെ ബാധിക്കുമെന്ന് പങ്കുവയ്ക്കുകയാണ് തൃശൂർ കോർപറേഷനിലെ മൂന്ന് മുന്നണികളുടെയും മേയർ സ്ഥാനാർത്ഥികൾ.

"ഇടതുപക്ഷം പ്രതീക്ഷിച്ച വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന മാർജിനിൽ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. പരാജയപ്പെട്ട വാർഡുകൾ തിരിച്ചുപിടിക്കാനാകും. തൃശൂർ കോർപ്പറേഷനിൽ 30 നും 35 നും ഇടയിലുള്ള ഡിവിഷനുകളിൽ വിജയം നേടും.


പി.കെ ഷാജൻ

എൽ.ഡി.എഫ്

"പോളിംഗ് കൂടുന്നതും കുറയുന്നതും ജയത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. തൃശൂർ കോർപറേഷനിൽ പോളിംഗ് കുറഞ്ഞ ഡിവിഷനുകളിലെല്ലാം യു.ഡി.എഫ് ജയം നേടും. 32 ഡിവിഷനുകൾ യു.ഡി.എഫ് നേടും. ബി.ജെ.പി നേരത്തെയുള്ളതിനേക്കാളും ദയനീയ നിലയിലേക്കെത്തും. അവരുടെ 3 സിറ്റിംഗ് വാർഡുകൾ നഷ്ടമാകും.


രാജൻ ജെ. പല്ലൻ

യു.ഡി.എഫ്

"സാധാരണ പോളിംഗ് കൂടാറുള്ളത് യു.ഡി.എഫിനാണ് തുണയാകാറുള്ളത്. തൃശൂർ കോർപറേഷനിലെ പോളിംഗ് കുറവ് ഇത്തവണ ബി.ജെ.പിക്ക് അനുകൂലമാകും. കഴിഞ്ഞ തവണത്തേക്കാൾ രണ്ടിരട്ടിയിലേറെ ഡിവിഷനുകൾ നിശ്ചയമായും ബി.ജെ.പിക്ക് ലഭിക്കും.

അഡ്വ.ബി. ഗോപാലകൃഷ്ണൻ

എൻ.ഡി.എ.