പാവറട്ടി: സംസ്ഥാനത്തെ പാരാമെഡിക്കൽ കോഴ്സുകളിൽ അവസാന വർഷ പരീക്ഷകൾ നടക്കാത്തതിനാൽ വിദ്യാർത്ഥികൾ ആശങ്കയിൽ. ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള വിവിധ കേളേജുകളിലെ ആയിരത്തോളം വിദ്യാർത്ഥികളാണ് അവസാന വർഷ പഠനവും പൂർത്തിയാക്കി പരീക്ഷയും കാത്ത് ഇരിക്കുന്നത്. പഠനം കഴിഞ്ഞ് കോഴ്സ് കംപ്ലീറ്റ് സർട്ടിഫിക്കേറ്റ് പോലും ലഭിക്കാതെ അനിശ്ചിതത്വത്തിലാണ് ഭാരിച്ച ഫീസും അതിലേറെ അദ്ധ്വാനവും ചെലവഴിച്ച കുട്ടികൾ.
2020 ഫെബ്രുവരി മുതൽ പഠനവും അപൂർണ്ണമായ രീതിയിലായിരുന്നു. ഏറെ പ്രാക്ടിക്കൽ ലാബുമായി ബന്ധപ്പെട്ട് പഠിക്കേണ്ടത് പരിമിതമായ നിലക്കാണ് കഴിഞ്ഞത്. തിയറി ക്ലാസുകൾ ഓൺലൈൻ വഴിയും പൂർത്തീകരിച്ചു. കൃത്യ സമയത്ത് അടുത്ത ബാച്ചുകൾ ആരംഭിക്കുകയും ചെയ്തു. ഫൈനൽ ഇയർ വിദ്യാർത്ഥികളോട് കോഴ്സ് കഴിഞ്ഞൂവെന്നും ഇനി സർക്കാർ തീരുമാനം അനുസരിച്ച് എക്സാം ഉണ്ടാകും എന്നുമാണ് കോളേജ് അധികൃതർ പറഞ്ഞിട്ടുള്ളത്.
പരീക്ഷ നടക്കാത്തതിനാൽ കുട്ടികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലും നിരാശയിലുമാണ്. പാഠ്യ ഭാഗങ്ങൾ ഇനിയും പഠിക്കേണ്ടതായി വരുന്ന ബുദ്ധിമുട്ടും കുട്ടികൾക്കുണ്ട്. എം.എൽ.ടി പോലുള്ള കോഴ്സുകളിൽ പ്രാക്ടിക്കലിന് വളരെ പ്രാധാന്യമുള്ളതാണ്. രണ്ടു മാസത്തെ പ്രാക്ടിക്കൽ ക്ലാസുകൾ ഇതുവരെയും കഴിഞ്ഞിട്ടില്ല. അത് എന്ന് നടക്കുമെന്നും അറിയില്ല.
ബി.എസ്.സി എം.എൽ.ടി, നഴ്സിംഗ്, ഫാർമസി, ഡെന്റൽ, ആയുർവേദ മേഖലയിൽ വിവിധ വിഷയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇതുമൂലും മാനസികമായ വിഷമത്തിലായത്. പാരാ മെഡിക്കൽ വിദ്യാർത്ഥികളുടെ ആശങ്ക മാറ്റി അവസാന വർഷ പരീക്ഷ എത്രയും വേഗം നടത്തുന്നതിനായി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കൾ.
......................
ആരോഗ്യമേഖലയിൽ ആവശ്യമുള്ളവർ
കൊവിഡ് സാഹചര്യത്തിൽ കൂടുതൽ ആവശ്യം ഉള്ളവരാണ് പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞു വരുന്നവർ. ആരോഗ്യ മേഖലയിൽ ഇവരുടെ സേവനം ആവശ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. പൊതു ആശുപത്രികളിലും പ്രൈവറ്റ് സെക്ടറുകളിലും ജോലി സാധ്യത ഏറെയുള്ളതാണ് ഇത്തരം കോഴ്സുകൾ.