ചാലക്കുടി: തിരഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടും പെട്ടിയിലായി. സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള നാലുദിനങ്ങൾ കൂട്ടിക്കിഴിക്കലിന്റേതാണ്. തിരഞ്ഞെടുപ്പിന്റെ ആലസ്യത്തിൽ നിന്നും വെള്ളിയാഴ്ചയാണ് സ്ഥാനാർത്ഥികൾ മോചിതരായത്. തുടർന്ന് വോട്ടിംഗ് നില പരിശോധിക്കലും ആരംഭിച്ചു. പ്രതീക്ഷിച്ച വോട്ടുകൾ കൈവിട്ടെന്ന സംശയങ്ങൾ പലരേയും അലട്ടുന്നു. ചിലർക്ക് അപ്രതീക്ഷത വോട്ടുകൾ കിട്ടിയെന്ന ആശ്വാസവും. ഇതിനിടയിൽ പ്രധാന മുന്നണികളിലെ സ്ഥാനാർത്ഥികളെല്ലാം ജനവിധിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ചാലക്കുടി നഗരസഭയിൽ നേരിയ ഭൂരിപക്ഷത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാൽ 36 സീറ്റുകളിൽ 26 വരെ തങ്ങൾ പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. ഏഴു സീറ്റുകളിൽ വിജയ സാധ്യതയുണ്ടെന്ന് എൻ.ഡി.എയും പറയുന്നു. അതിരപ്പിള്ളി, കോടശേരി, പരിയാരം, മേലൂർ, കൊരട്ടി പഞ്ചയത്തുകളിൽ തുടർ ഭരണം അവകാശപ്പെടുന്ന എൽ.ഡി.എഫ് കാടുകുറ്റിയിൽ ഭരണം തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഇതെല്ലാം തള്ളികളയുകയാണ് യു.ഡി.എഫ്. ഇക്കുറി എല്ലാ പഞ്ചായത്തുകളും തങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് നേതാക്കൾ പറയുന്നു. മേലൂർ പഞ്ചായത്ത് ഭരണം പിടിക്കുമെന്നാണ് എൻ.ഡി.എയുടെ അവകശവാദം. മറ്റു പഞ്ചായത്തുകളിലും നിർണ്ണായക നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.