kalyanam

ചാലക്കുടി: അവിടെ കല്യാണമേളം, ഇവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനം, ഒടുവിൽ വോട്ടു പെട്ടിയിലായതിന്റെ പിറ്റേന്നാൾ വിവാഹം. അതിരപ്പിള്ളി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ റിജേഷിന് ഈ തിരഞ്ഞെടുപ്പ് കാലം മറക്കാനാവാത്ത അനുഭവം.

തിരഞ്ഞെടുപ്പിന്റെ ആലസ്യം ഒഴിയുന്നതിന് മുമ്പേ പിള്ളപ്പാറയിലെ വധൂഗൃഹത്തിലായിരുന്നു കല്യാണം. പെരിങ്ങൽക്കുത്ത് കൊളത്തിങ്ങൽ കൃഷ്ണൻകുട്ടി ശാന്ത ദമ്പതികളുടെ മകൻ റിജേഷിന്റെ ജീവിത സഖിയായത് പ്രവിദ. വില്ലാടത്ത് പരമുവിന്റെയും തങ്കമണിയുടെയും മകൾ. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം കൊവിഡ് പ്രശ്‌നത്തെ തുടർന്ന് ഡിസംബർ 11ലേയ്ക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് നിശ്ചയിച്ച മുഹൂർത്തത്തിന്റെ തലേനാൾ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്.

ഇതിനിടെ പുളിയിലപ്പാറയിലെ പഞ്ചായത്തംഗമായിരുന്ന റിജേഷിനെ അതിരപ്പിള്ളി വാർഡിലേയ്ക്ക് പാർട്ടി സ്ഥാനാർത്ഥിയായി തീരുമാനിച്ചു. ഇതു വളരെ അങ്കലാപ്പുണ്ടാക്കി. ഇവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനം, അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ. അങ്ങനെയായിരുന്നു കഴിഞ്ഞ ഒരുമാസമായി പഞ്ചായത്തിലെ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൂടിയായിരുന്ന ഈ യുവാവിന്റെ ജീവിത ക്ലൈമാക്‌സ്. ഇനി മധുവിധു ആഘോഷിക്കാമെങ്കിലും ഫലപ്രഖ്യാപനം വരുന്നതുവരെ ചങ്കിൽ തീയുമായി കാത്തിരിക്കണം റിജേഷെന്ന നേതാവിന്.