
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം വിലക്കും. ക്ഷേത്രം ജീവനക്കാർ ഉൾപ്പെടെ 46 ദേവസ്വം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്ര നഗരി ഉൾപ്പെടുന്ന ഇന്നർറിംഗ് റോഡിന് ഉളളിലുളള സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ക്ഷേത്രാചാര അനുഷ്ഠാന ചടങ്ങുകൾ നടക്കും.
ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് വെർച്വൽ ക്യൂ വഴിയോ നേരിട്ടോ ഉളള യാതൊരു ദർശനവും ദീപസ്തംഭത്തിന് സമീപത്തു നിന്നുളള ദർശനം, വിവാഹം, തുലാഭാരം തുടങ്ങിയ യാതൊരു വഴിപാടുകളും അനുവദിക്കില്ല. ഇന്ന് ക്ഷേത്രത്തിൽ വിവാഹം ബുക്ക് ചെയ്തിട്ടുള്ളവർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടത്തിക്കൊടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവാഹം അനുവദിക്കില്ല. കുചേല ദിനം, ഭഗവതി പാട്ട് തുടങ്ങിയവ ചടങ്ങ് മാത്രമാക്കും. ക്ഷേത്രത്തിനകത്തേക്ക് ചടങ്ങുകൾക്ക് അത്യാവശ്യം വേണ്ട പാരമ്പര്യ പ്രവൃത്തിക്കാരെയും ജീവനക്കാരെയും മാത്രമേ പ്രവേശിപ്പിക്കൂ.
മാസത്തിലൊരിക്കൽ വീതം എല്ലാ ജീവനക്കാർക്കും കൊവിഡ് ടെസ്റ്റ് നടത്തും. ജീവനക്കാർ എല്ലാവരും മൂന്ന് പാളികളുള്ള മുഖാവരണം ധരിക്കണമെന്നത് നിർബന്ധമാക്കും. പൊതുജനങ്ങളുമായി സമ്പർക്കം വരുന്ന എല്ലാ ജീവനക്കാർക്കും ഫേസ് ഷീൽഡും കൈയുറകളും നിർബന്ധമാക്കുവാനും ഭരണ സമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെ 22 ജീവനക്കാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന ശേഷമാണ് ഭരണ സമിതി തീരുമാനമെടുത്തത്. കളക്ടർ, ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ , ജില്ലാ ഹെൽത്ത് ഓഫീസർ, ഗുരുവായൂർ മുനിസിപ്പൽ സെക്രട്ടറി, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ, ക്ഷേത്ര ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ, ക്ഷേത്രം പാരമ്പര്യ പ്രവൃത്തിക്കാരായ ഓതിക്കന്മാർ, കീഴ്ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരുടെ പ്രതിനിധികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
തൃപ്രയാർ ഏകാദശി മഹോത്സവം ഭക്തിനിർഭരം
തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ എകാദശി മഹോത്സവം ഭക്തിനിർഭരമായി. രാമനാമം ജപിച്ച് ഏകാദശി വ്രതം നോറ്റെത്തിയ ആയിരക്കണക്കിന് ഭക്തർ ശ്രീരാമനെ ദർശിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ആഘോഷം. രാവിലെ നടന്ന ശീവേലിക്ക് 3 ആനകൾ അണിനിരന്നു. ദേവസ്വം ചന്ദ്രശേഖരൻ തേവരുടെ സ്വർണ്ണക്കോലം വഹിച്ചു.
മച്ചാട് കർണ്ണൻ, തിരുവമ്പാടി ചന്ദ്രശേഖരൻ എന്നിവർ കൂട്ടാനകളായി. പത്മശ്രീ പെരുവനം കുട്ടൻമാരാർ മേളത്തിന് പ്രാമാണ്യം വഹിച്ചു. ഉച്ചയ്ക്ക് പടിഞ്ഞാറെ നടപ്പന്തലിൽ മണലൂർ ഗോപിനാഥനും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ അരങ്ങേറി. കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വരവും നടന്നു. വൈകീട്ട് നടന്ന കാഴ്ച ശീവേലിക്ക് മച്ചാട് കർണ്ണൻ ഭഗവാന്റെ തിടമ്പേറ്റി. ധ്രുവമേളം പഴുവിൽ രഘുമാരാർ നയിച്ചു. സന്ധ്യക്ക് ദീപാരാധന, രാത്രി വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവ നടന്നു. ഇന്ന് രാവിലെ നടക്കുന്ന ദ്വാദശി പണസമർപ്പണത്തോടെ ഏകാദശി ചടങ്ങുകൾക്ക് സമാപനമാവും.
കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി വി.എ ഷീജ, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ രാജൻ, അസി. കമ്മിഷണർ വി.എൻ സ്വപ്ന, പി.ഡി ശോഭ, ദേവസ്വം മാനേജർ എം. കൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.