nihal-sarin

തൃശൂർ: ചെസ് ബെയ്‌സ് ഇന്ത്യ സൂപ്പർ ജൂനിയർ കപ്പ് നിഹാൽ സരിന്. ചെസ് ബെയ്‌സ് ഇന്ത്യ 20 വയസിന് താഴെയുള്ള ജൂനിയർ ഇന്ത്യൻ താരങ്ങൾക്കായി ദേശീയ തലത്തിൽ ഡിസംബർ 6 മുതൽ 10 വരെ സംഘടിപ്പിച്ച ഓൺലൈൻ ചെസ് മത്സരത്തിലാണ് നിഹാൽ ഈ നേട്ടം കരസ്ഥമാക്കിയത്. ഫൈനലിൽ തെലുങ്കാനയുടെ അർജുൻ എറിഗാസിയെ 50 കരുനീക്കങ്ങൾക്കൊടുവിലാണ് 4.5-1.5 പോയിന്റ് നിലയിൽ കേരള ഒന്നാം നമ്പർ താരമായ നിഹാൽ തോൽപ്പിച്ചത്.

ലോകശ്രദ്ധ നേടിയ ഗ്രാൻഡ് മാസ്റ്റർമാരായ തമിഴ്‌നാടിന്റെ പ്രഗ്‌നാനന്ദയും, ഗുകേഷും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും മികച്ച 32 ജൂനിയർ താരങ്ങൾ മാറ്റുരച്ച മത്സരം ഏറെ കടുപ്പമേറിയതായിരുന്നു.

നോക്കൗട്ട് രീതിയിലായിരുന്നു മത്സരങ്ങൾ. മഹാരാഷ്ട്രയുടെ അഭിമന്യു പുരാണികിനാണ് മൂന്നാം സ്ഥാനം. തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് കോമേഴ്‌സ് വിദ്യാർത്ഥിയാണ് 16 കാരനായ നിഹാൽ.