
തൃശൂർ: പ്രതീക്ഷയർപ്പിച്ചിരുന്ന ഡിവിഷനുകളെ 'സസ്പെൻസിൽ' നിറുത്തിയായിരുന്നു മുന്നണികളുടെ അവസാനവട്ട വിലയിരുത്തൽ. ജില്ലയിൽ 75.07 ശതമാനവും, കോർപറേഷനിൽ 63.79 ശതമാനവുമാണ് പോളിംഗ്. 2015ൽ ജില്ലയിൽ 78.05 ശതമാനമായിരുന്നു . ഇതാണ് 75.07 ശതമാനത്തിലേക്കെത്തിയത്.
കോർപറേഷനിലാവട്ടെ വലിയ കുറവാണ് അനുഭവപ്പെട്ടത്. കേവല ഭൂരിപക്ഷമില്ലെങ്കിലും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ഇടതുമുന്നണി അധികാരത്തിലേറിയ 2015ൽ 71.89 ശതമാനമായിരുന്നു. 8.10 ശതമാനം കുറവാണ് ഇത്തവണയുണ്ടായത്. 2015ലാവട്ടെ 24 ലക്ഷത്തിലധികം വോട്ടർമാരായിരുന്നുവെങ്കിൽ ഇത്തവണയാവട്ടെ 26 ലക്ഷത്തിധികമാണ് വോട്ടർമാർ. 2015ൽ 19 ലക്ഷത്തിലധികം വോട്ടർമാരാണ് പോൾ ചെയ്തതെങ്കിൽ, ഇത്തവണ അത് 20 ലക്ഷത്തിലധികമായി. വിജയപ്രതീക്ഷയിലാണെങ്കിലും അട്ടിമറി സാദ്ധ്യതകളും അവസാനവട്ട വിലയിരുത്തലിൽ ഉയർന്നുവരുന്നുണ്ട്.
എല്ലാം കൈപ്പിടിയിലെന്ന് യു.ഡി.എഫ്
തൃശൂർ: മികച്ച വിജയം ഉറപ്പിച്ച് ഐക്യജനാധിപത്യ മുന്നണി. തിരഞ്ഞെടുപ്പിന് ശേഷം നേതാക്കൾ ഒത്തുചേർന്ന് വോട്ടിംഗ് കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച കണക്കുകൾ വിലയിരുത്തി. കണക്കുകൾ പ്രകാരം തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകൾ എന്നിവിടങ്ങളിൽ യു.ഡി.എഫ് ഭരണം നേടുമെന്നാണ് വിലയിരുത്തൽ.
ആകെയുള്ള 86 പഞ്ചായത്തുകളിൽ 57 മുതൽ 62 വരെ പഞ്ചായത്തുകളിൽ യു.ഡി.എഫ് വിജയിക്കും. 16ൽ ഒമ്പത് മുതൽ 11 വരെയുള്ള ബ്ലോക്ക് പഞ്ചായത്തുകളും ലഭിക്കും. കോർപറേഷനിൽ 38 മുതൽ 42 സീറ്റുകൾ വരെ യു.ഡി.എഫ് നേടും. ജില്ലാ പഞ്ചായത്തിൽ 17 മുതൽ 21 സീറ്റാണ് പ്രതീക്ഷിക്കുന്നത്. ഏഴ് നഗരസഭകളിൽ നാലെണ്ണമാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഒരു നഗരസഭ കൂടി കിട്ടുമെന്ന പ്രതീക്ഷയും ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് മാദ്ധ്യമപ്രവർത്തകരോട് പങ്കുവെച്ചു.
കൊവിഡ് ഭീതി നിലനിൽക്കുമ്പോഴും നല്ല പ്രതികരണമാണ് തിരഞ്ഞെടുപ്പിനോട് ജനങ്ങൾ കാണിച്ചത്. എൽ.ഡി.എഫിനെതിരായ ജനവികാരമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മന്ത്രി വോട്ട് ചെയ്ത സമയം
പരിശോധിക്കണം: പ്രതാപൻ
തൃശൂർ: മന്ത്രി എ.സി മൊയ്തീനോട് ഉപകാരസ്മരണ കാണിക്കുന്ന ജില്ലാ കളക്ടർ, എല്ലാക്കാലവും ഒരേ സർക്കാർ ഭരിക്കുമെന്ന് കരുതരുതെന്ന് ടി.എൻ പ്രതാപൻ എം.പി. പറഞ്ഞു. മന്ത്രി വോട്ട് ചെയ്ത സമയം ഇ.വി.എമ്മിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ദൃശ്യമാദ്ധ്യമങ്ങളുടെ റെക്കാഡിംഗുകളിൽ നിന്ന് വോട്ടിംഗ് സമയം പരിശോധിക്കണം.
പോളിംഗ് ഓഫീസറുടെ വാച്ചിൽ സമയം ഏഴ് ആയിരുന്നുവെന്ന വാദത്തിന് പ്രസക്തിയില്ല. മന്ത്രിക്കായി പാർട്ടി പ്രവർത്തകർ നേരത്തെയെത്തി വരിയിൽ നിൽക്കുകയും മന്ത്രിയെത്തിയപ്പോൾ അവിടെ നിന്നും മാറുകയും ആ സ്ഥാനത്ത് മന്ത്രി നിൽക്കുകയുമാണുണ്ടായത്. നീതിപൂർവ്വകമായ വോട്ടെണ്ണൽ കളക്ടറുടെ നേതൃത്വത്തിൽ പ്രതീക്ഷിക്കുന്നില്ലെന്നും ഡി.സി.സി പ്രസിഡൻ്റ് എം.പി വിൻസെന്റ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് എന്നിവർ പറഞ്ഞു.