
ഗുരുവായൂർ: കൂടുതൽ ജീവനക്കാരിലേക്ക് കൊവിഡ് വ്യാപിച്ചതോടെ ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം വിലക്കി. അത്യാവശ്യം വേണ്ട ജീവനക്കാർക്ക് മാത്രമാണ് പ്രവേശനം. നാളെ മുതൽ വിവാഹങ്ങൾ നടക്കില്ല. 46 ദേവസ്വം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ക്ഷേത്ര നഗരി ഉൾപ്പെടുന്ന ഇന്നർ റിംഗ് റോഡിന് ഉള്ളിൽ വരുന്ന സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്. ക്ഷേത്ര ചടങ്ങുകൾ നടക്കും. ഇന്ന് ക്ഷേത്രത്തിൽ വിവാഹം ബുക്ക് ചെയ്തിട്ടുള്ളവർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടത്തിക്കൊടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ വിവാഹം അനുവദിക്കില്ല. രണ്ടാഴ്ചത്തേക്ക് വെർച്വൽ ക്യൂ വഴിയോ നേരിട്ടോ യാതൊരു ദർശനവും അനുവദിക്കില്ല. യാതൊരു വഴിപാടുകളും അനുവദിക്കില്ല. കുചേല ദിനം, ഭഗവതി പാട്ട് തുടങ്ങിയവ ചടങ്ങ് മാത്രമാക്കും. ചടങ്ങുകൾക്ക് അത്യാവശ്യം വേണ്ട പാരമ്പര്യ പ്രവൃത്തിക്കാരെയും ജീവനക്കാരെയും മാത്രമേ പ്രവേശിപ്പിക്കൂ. മാസത്തിലൊരിക്കൽ എല്ലാ ജീവനക്കാർക്കും കൊവിഡ് ടെസ്റ്റ് നടത്തും. ജീവനക്കാർ എല്ലാവരും മൂന്ന് പാളികളുള്ള മുഖാവരണം ധരിക്കണമെന്നത് നിർബന്ധമാക്കും. പൊതുജനങ്ങളുമായി സമ്പർക്കം വരുന്ന എല്ലാ ജീവനക്കാർക്കും ഫേസ് ഷീൽഡും കൈയുറകളും നിർബന്ധമാക്കുവാനും ഭരണ സമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെ 22 ജീവനക്കാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന ശേഷമാണ് ഭരണ സമിതി തീരുമാനമെടുത്തത്.