
തൃശൂർ : തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ജയം ആർക്കെന്നത് സംബന്ധിച്ച് നാട്ടിൻപുറങ്ങളിൽ ചർച്ച സജീവം. മുന്നണി നേതാക്കളും സ്ഥാനാർത്ഥികളും ഒരുവശത്ത് വോട്ട് ചെയ്തവരുടെ കണക്കുകളെ അടിസ്ഥാനമാക്കി കൂട്ടിക്കിഴിക്കൽ നടത്തുമ്പോൾ ചായക്കടകളിലും നാലാൾ കൂടുന്നിടത്തും പ്രധാന ചർച്ച തിരഞ്ഞെടുപ്പ് ഫലത്തെപറ്റിയാണ്.
ജനങ്ങൾ ഏറ്റവും അധികം ഇടപഴകുന്ന പഞ്ചായത്തുകളിലെ വാർഡ് ഫലത്തെ ചൊല്ലിയാണ് ചർച്ചകളേറെ. ബ്ലോക്ക് , ജില്ലാ തലങ്ങളിലേക്ക് രാഷ്ട്രീയം കടന്നു വരുമ്പോൾ ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവം തന്നെയാണ് പ്രധാന ഘടകം.
മുൻ അംഗങ്ങളുടെ പ്രകടനം
വാർഡ് തലങ്ങളിൽ നിലവിലെ അംഗങ്ങൾ നടത്തിയ പ്രവർത്തനം ചർച്ചാ വിഷയമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായ വരൾച്ച, പ്രളയം, ഇപ്പോഴത്തെ കൊവിഡ് മഹാമാരി എന്നിവയിൽ അംഗങ്ങൾ നടത്തിയ പ്രവർത്തനം പല സ്ഥലങ്ങളിലും വിലയിരുത്തപ്പെട്ടിട്ടുണ്ട്. പച്ചക്കറി വിത്ത് മുതൽ റോഡുകളുടെയും വീടുകളുടെയും നിർമ്മാണം വരെ ഉയർന്ന് വന്നിരുന്നു.
നിലവിലെ ജനറൽ വാർഡുകൾ സംവരണ വാർഡുകളായി മാറിയിരുന്നു. അതുകൊണ്ട് വനിതാ സ്ഥാനാനാർത്ഥികളുടെ മേന്മയും എല്ലായിടത്തും ചർച്ചയായി. ഇതെല്ലാം വിലയിരുത്തിയാണ് വിജയ-പരാജയ കണക്കുകൾ മുന്നണികൾ തയ്യാറാക്കുന്നത്.
അവസാനത്തെ അടിയൊഴുക്ക്
വോട്ടെടുപ്പിന്റെ തലേദിവസം ഉണ്ടാകുന്ന അടിയൊഴുക്ക് തന്നെയാണ് പ്രധാനം. ഇതിന് പുറമേ പല സ്ഥലങ്ങളിലും വോട്ട് കിട്ടുന്നതിനായി ഒഴുക്കിയ മദ്യവും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പല സ്ഥാനാർത്ഥികളും പ്രവർത്തകരും വീട് മുതൽ ജോലി വരെ വാഗ്ദാനം നൽകിയാണ് വോട്ട് ബാലറ്റിലാക്കിയത്.
സി.പി.എം വ്യാപക കള്ളവോട്ട്
ചെയ്യിച്ചെന്ന് എം.പി വിൻസെന്റ്
തൃശൂർ: കൊവിഡ് വോട്ടുകളുടെ മറവിൽ വ്യാപകമായി ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി സി.പി.എം കള്ളവോട്ട് ചെയ്യിച്ചുവെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്. കൊവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
പെരിങ്ങണ്ടൂരിൽ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ കൊവിഡ് രോഗികൾക്ക് വോട്ട് നിഷേധിക്കാൻ ശ്രമമുണ്ടായത് പ്രതിഷേധത്തിലൂടെയും യു.ഡി.എഫ് പ്രവർത്തകരുടെയും ഇടപെടലിലൂടെയുമാണ് ഒഴിവായത്. കൊവിഡ് രോഗികളുടെ സ്പെഷൽ ബാലറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ വശത്താക്കിയുമാണ് സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യിക്കുന്നത്. എളവള്ളി പഞ്ചായത്തിൽ വോട്ടിന്റെ ദിവസം കഴിഞ്ഞും തപാൽ ബാലറ്റ് ഉപയോഗിച്ചും നേരിട്ടെത്തി വോട്ട് ചെയ്തയാളിൽ നിന്ന് വീണ്ടും സ്പെഷൽ ബാലറ്റിലൂടെയും വോട്ട് ചെയ്യിച്ചു. സി.പി.എം നേതാക്കൾക്കും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി എം.പി വിൻസെന്റ് അറിയിച്ചു.
എൽ.ഡി.എഫ് മികച്ച വിജയം നേടും: യൂജിൻ മോറേലി
തൃശൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി ജില്ലയിൽ വിജയം കരസ്ഥമാക്കുമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. കൊവിഡ് കാലത്തെ സർക്കാരിൻ്റെ ഇടപെടലും സഹായങ്ങളും മറ്റും വോട്ടായി മാറിയിട്ടുണ്ട്.
എൽ.ജെ.ഡി മത്സരിച്ച രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളിലും മൂന്ന് കോർപറേഷൻ സീറ്റുകളിലും വിജയപ്രതീക്ഷയുണ്ട്. ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എൽ.ഡി.എഫ് മുന്നേറ്റം ഉണ്ടാകും. ക്ഷേമ പെൻഷൻ ഉയർത്തിയതും സർക്കാരിൻ്റെ വികസന നടപടികളും നേട്ടങ്ങളാകും. ലൈഫ് മിഷൻ ഭവന പദ്ധതിയിക്കെതിരെയുള്ള കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ട് ജില്ലയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും യൂജിൻ പറഞ്ഞു.