തൃശൂർ: ഇന്റർസിറ്റി എക്‌സ്പ്രസ് ഉൾപ്പെടെ സംസ്ഥാനത്തിനകത്ത് ഓടുന്ന കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ യാത്രികരുടെ എണ്ണം കൂടിവരുന്നു. സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്ത് നിത്യവും ജോലിക്ക് പോയിവരുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.
എന്നാൽ നിലവിൽ എല്ലാ സ്റ്റേഷനുകളിലും ഒരിടത്തുകൂടി മാത്രം പ്രവേശനം അനുവദിക്കുന്നതിനാൽ ജോലിക്കാരായ സ്ഥിരം യാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. എറണാകുളം ടൗണിൽ കിഴക്കെ പ്ലാറ്റ്ഫോമിൽ വണ്ടിയിറങ്ങുന്നയാൾ നടപ്പാലം കയറി പടിഞ്ഞാറുവശത്തെത്തി മുഖ്യ കവാടത്തിലൂടെ പുറത്തിറങ്ങിയാൽ, മെട്രോ പിടിക്കണമെങ്കിൽ വീണ്ടും നിരത്തിലൂടെ നടന്ന് മേൽപ്പാലത്തിലൂടെ മറുവശത്തെത്തണം.
എറണാകുളം ജംഗ്ഷനിലാണെങ്കിൽ കിഴക്കുവശത്തുള്ളവർക്ക് മുഖ്യകവാടത്തിൽ എത്തണമെങ്കിൽ അര മണിക്കൂർ മുൻപെങ്കിലും ഓഫീസുകളിൽ നിന്നിറങ്ങണം. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ മുതലായ പ്രധാന സ്റ്റേഷനുകളിലെങ്കിലും രണ്ടാം പ്രവേശന കവാടത്തിലൂടെയും പ്രവേശനം അനുവദിക്കണമെന്ന് സ്ഥിരം യാത്രിക്കാർ ആവശ്യപ്പെട്ടു.