
തൃശൂർ: യു.ഡി.എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ ചെയ്യുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ബാർ കോഴക്കേസിൽ മുൻ മന്ത്രിമാരായ കെ. ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെ അനുമതി നേടിയ സർക്കാരിന്റെ കത്ത് തെളിവില്ലാത്തതിനെ തുടർന്നാണ് ഗവർണ്ണർ തള്ളിയത്.
എന്നാൽ ഇതേ പരാതിയിലാണ് പ്രതിപക്ഷ നേതാവിനെതിരെ പ്രോസിക്യൂഷന് സ്പീക്കർ അനുമതി നൽകിയത്. ഗവർണ്ണർ രേഖകളില്ലാതെ അനുമതി നിരാകരിച്ച സാഹചര്യത്തിൽ തെറ്റ് തിരുത്താൻ സ്പീക്കർ തയ്യാറാകണമെന്ന് യു.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടു. തന്റെ വിവേചനാധികാരം നീതിപൂർവ്വകവും നിഷ്പക്ഷവുമായും നടപ്പിലാക്കേണ്ട പദവിയാണ് സ്പീക്കറുടേത്. എന്നാൽ രാഷ്ട്രീയ പക്ഷപാതത്തോടെയാണ് സ്പീക്കർ പ്രവർത്തിക്കുന്നത്. എന്തുകൊണ്ടാണ് ഈ കേസിൽ നീതിപൂർവക തീരുമാനം എടുക്കാൻ കഴിയാതിരുന്നതെന്ന് സ്പീക്കർ പൊതുസമൂഹത്തോട് വിശദീകരിക്കണം. ഏറ്റവും കൂടുതൽ ആരോപണം നേരിടുന്ന വ്യക്തിയായി സ്പീക്കർ മാറി. സ്പീക്കർക്കെതിരായ ഉയർന്ന ആരോപണങ്ങൾ നിയമസഭയുടെ പാരമ്പര്യത്തിനേറ്റ കളങ്കമാണെന്നും ഹസൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി, അനിൽ അക്കര എം.എൽ.എ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മിഷനുകൾ രൂപീകരിച്ചത് നേതാക്കൾക്ക് ശമ്പളം പറ്റാൻ
തൃശൂർ: അഴിമതിക്കുള്ള വഴിയൊരുക്കലാണ് ലൈഫ് മിഷൻ എന്നതിനാലാണ് താൻ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള മിഷനുകൾ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പിരിച്ചുവിടുമെന്ന് പറഞ്ഞതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. താൻ പുതുതായി പറഞ്ഞ കാര്യമല്ല ഇത്. യു.ഡി.എഫും കോൺഗ്രസും നേരത്തെ പറഞ്ഞ കാര്യമാണ്. ലൈഫ് ഉൾപ്പെടെയുള്ള മിഷനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശം കവർന്നുകൊണ്ടാണ് സംസ്ഥാന സർക്കാർ രൂപീരിച്ചത്. സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കൾക്ക് ശമ്പളം നൽകാനായാണ് മിഷനുകൾ രൂപീകരിച്ചതെന്നും കോഴയ്ക്കുള്ള വഴി തേടുന്ന മിഷനുകൾ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ തുടരണമെന്നാണോ പറയുന്നതെന്നും ഹസ്സൻ ചോദിച്ചു.
പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരെ
സുപ്രീംകോടതിയിൽ ഹർജി: പ്രാഥമിക വാദം 14 ന്
തൃശൂർ: മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരെ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഈ മാസം 14 ന് പ്രാരംഭ വാദം കേൾക്കും. ഫാസ് ടാഗ് അപാകത പരിഹരിക്കാതെ ടോൾ പിരിക്കരുത്, കൊവിഡ് കാലത്ത് ടോൾ തുക വർദ്ധിപ്പിക്കരുത്, ദേശീയപാത നിർമ്മാണത്തിന് ചെലവായ തുകയും ലാഭവും കിട്ടിയാൽ ടോൾ പിരിവ് കാലാവധി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളുന്നയിച്ച് കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, ടി.ജെ സനീഷ്കുമാർ എന്നിവർ അഡ്വ. നിഷെ. ആർ ശങ്കർ മുഖാന്തരമാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ദേശീയപാത നിർമ്മാണത്തിന് ചെലവായ 721.174 കോടിയേക്കാൾ കൂടുതൽ സംഖ്യ ടോളിനത്തിൽ ലഭ്യമായതായി വിവരാവകാശ രേഖപ്രകാരം മറുപടി ലഭിച്ചിട്ടുള്ളതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ 2020 ജൂലൈ വരെ 801.60 കോടി രൂപ ലഭിച്ചിട്ടുണ്ട്. എം.ഒ.ടി അടിസ്ഥാനത്തിലുള്ളതായതിനാൽ നിർമ്മാണച്ചെലവ് കിട്ടിക്കഴിഞ്ഞാൽ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാൻ റോഡ് നിർമ്മാണ കമ്പനി ബാദ്ധ്യസ്ഥരാണ്. ഫാസ് ടാഗുകൾ പ്രവർത്തിക്കാത്തതിനെതിരെയും കളക്ടർ ദേശീയപാത അതോറിറ്റിക്കും സംസ്ഥാന സർക്കാരിനും റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.