കുന്നംകുളം: കടവല്ലൂർ പഞ്ചായത്ത് വടക്കെ കോട്ടോലിൽ എൻ.ഡി.എ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ആറ് പേർക്കെതിരെ കേസെടുത്തതായി കുന്നംകുളം സി.ഐ: കെ.ജി. സുരേഷ് പറഞ്ഞു. പിടിയിലായവർ സി.പി.എം പ്രവർത്തകരാണ്. കഴിഞ്ഞ ദിവസം രാത്രി വടക്കെ കോട്ടോൽ മുക്കുട ബസാറിൽ വച്ച് ഒരു സംഘം ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് പെരുമ്പിലാവ് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽകുമാറിനെ ബൈക്ക് തടഞ്ഞുനിറുത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റിട്ടതിനെ ച്ചൊല്ലിയായിരുന്നു അക്രമമെന്നാണ് വിവരം. പരിക്കേറ്റ അനിൽകുമാർ കുന്നംകുളം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.