
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 29 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദേവസ്വത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 75 ആയി. 424 ജീവനക്കാർക്കാണ് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയത്. ദേവസ്വത്തിൽ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാർക്കായി ആന്റിജൻ പരിശോധന നടത്തിവരുന്നത്.
ദേവസ്വം മെഡിക്കൽ സെന്ററിൽ 151 പേർക്കും ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 273 പേരുടെയും പരിശോധനയാണ് നടന്നത്. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള ജീവനക്കാർക്കും പരിശോധന നടക്കും.