vysakan

തൃശൂർ: മനുഷ്യനോട് അനുഭാവമുള്ള എഴുത്തുകാരനായിരുന്നു യു.എ. ഖാദർ. അദ്ദേഹത്തിന്റെ ഭാഷാശൈലി വളരെ വ്യത്യസ്തമാണ്. അതിനെ ഖാദർ ശൈലിയെന്ന് തന്നെ വിളിക്കേണ്ടിവരും. സവിശേഷതകളുള്ള തൃക്കോട്ടൂർ പെരുമയുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ രചനകൾ എക്കാലത്തും നിലനിൽക്കും.

അങ്ങേയറ്റം ആത്മാർത്ഥയുള്ള എഴുത്തുകാരനായിരുന്നു ഖാദർ. മലബാറിന്റെ ചരിത്രത്തെ പുതിയ യാഥാർത്ഥ്യങ്ങളുമായി ചേർത്ത് മിത്തുകൾ പോലുള്ള കഥകളാണ് അദ്ദേഹത്തിന്റേത്. സഹോദരനെ പോലെയായിരുന്നു ഖാദറുമായുള്ള അടുപ്പം. അടുത്ത സുഹൃത്തുക്കളായിരുന്നു. നാലുമാസം മുമ്പ് ചികിത്സാർത്ഥം കോഴിക്കോട് പോയപ്പോൾ ഖാദറിനെ കണ്ടിരുന്നു. കൂടെ വരാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം രോഗാതുരനായിരുന്നതിനാൽ അനുവദിച്ചില്ല. രോഗ ബാധിതനായതിനാൽ പുറത്തേക്കിറങ്ങാറില്ലെന്നും ഇടയ്ക്ക് കോഴിക്കോട് ബീച്ചിൽ പോയിരുന്ന് കാറ്റ് കൊള്ളുമെന്നും അത് മനസിന് സുഖം തരാറുണ്ടെന്നും ഖാദർ അന്ന് പറഞ്ഞിരുന്നു. ആധുനിക രചനകൾ തന്നെയായിരുന്നു ഖാദറിന്റേത്. എന്നാൽ അദ്ദേഹം അത് മിത്ത് രൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനാൽ ഖാദറിനെ അവസാന നോക്ക് കാണാൻ കോഴിക്കോട്ടെത്താൻ സാധിക്കില്ല.