ചാലക്കുടി: നഗരസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുമെന്ന അമിതാവേശത്തിലാണ് യു.ഡി.എഫ്. 22 മുതൽ 26 വരെ സീറ്റുകൾ സീറ്റുകൾ ലഭിക്കുമെന്നാണ് മുന്നണി നേതാക്കൾ ഉറച്ചുവിശ്വസിക്കുന്നത്. എബി ജോർജ്ജ്, വി.ഒ. പൈലപ്പൻ, ജോയ് ചാമവളപ്പിൽ, ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, കെ.വി. പോൾ. ഷിബു വാലപ്പൻ, ആലീസ് ഷിബു, സി. ശ്രീദേവി തുടങ്ങിയ പ്രമുഖരെല്ലാം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ.
ശനിയാഴ്ച ചേർന്ന സ്ഥാനാർത്ഥികളുടെ വിശകലന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. എന്നാൽ പല വാർഡുകളിലും കാലുവാരൽ നടന്നുവെന്ന് സ്ഥാനാർത്ഥികൾ ചൂണ്ടിക്കാട്ടി. അതേസമയം 16 സീറ്റുകൾ ലഭിയക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ മൂന്ന് സ്വതന്ത്രന്മാരും വിജയിക്കുമെന്നാണ് ഇടതു നേതാക്കളുടെ വിലയിരുത്തൽ. ഉഷ പരമേശ്വൻ, ബിജി സദാനന്ദൻ, ജയന്തി പ്രവീൺകുമാർ, സി.എസ്. സുരേഷ് തുടങ്ങിയ മുൻ കൗൺസിലർമാർ ജയപ്പട്ടികയിൽ ഉൾപ്പെടുന്നു. ഇതെല്ലാം കണക്കിലെടുത്താൻ ഭരണം നിലനിറുത്താനാകുമെന്ന വിശ്വാസവും എൽ.ഡി.എഫ് നേതാക്കൾ പ്രകടിപ്പിച്ചു.
ആറു വാർഡുകളിൽ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ. പോട്ട, ഉറുമ്പൻകുന്ന്, കണ്ണമ്പുഴ എന്നിവിടങ്ങളിൽ ശുഭപ്രതീക്ഷയിലുമാണ്. ഇതോടൊപ്പം പോട്ടച്ചിറയിൽ മത്സരിക്കുന്ന മുൻ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ തികഞ്ഞ വിജയ പ്രതീക്ഷ പ്രകടിപ്പിച്ചു. യു.ഡി.എഫിന്റെ മുൻ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പനാണ് എതിരാളി.