കോടശ്ശേരി നിലനിറുത്തുമെന്ന് എൽ.ഡി.എഫ്
ചാലക്കുടി: മലയോര പഞ്ചായത്തായ കോടശേരിയിൽ തുടർച്ചയായ അഞ്ചാം വട്ടവും ഭരണത്തിലെത്താൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. 11 മുതൽ 14 വരെ സീറ്റുകളാണ് ഇടതു നേതാക്കൾ പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ മുന്നേറ്റം നടത്തിയതും യു.ഡി.എഫിലെ അനൈക്യവും തങ്ങൾക്ക് അനുകൂല ഘടകമാകുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കൂടാതെ, യു.ഡി.എഫിന് രണ്ടു സീറ്റുകളിൽ വിമത ശല്യമുണ്ടെന്നും ബി.ജെ.പിയും കാര്യമായ നേട്ടമുണ്ടാക്കില്ലെന്നും ഇടതുപക്ഷം പറയുന്നു.
എന്നാൽ 15 സീറ്റുകൾ കൈക്കലാക്കി കോടശേരിയുടെ ഭരണം പതിറ്റാണ്ടുകൾക്ക് ശേഷം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശവാദം. എൽ.ഡി.എഫിന്റെ ഭരണ പരാജയം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഭരണ - പ്രതിപക്ഷ അവകാശ വാദങ്ങൾക്കിടെ എട്ടു സീറ്റുകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും നാലെണ്ണത്തിൽ വിജയിക്കുമെന്നും എൻ.ഡി.എ പറയുന്നു.
പടലപ്പിണക്കം വിധിയെഴുതുമോ പരിയാരത്ത്
കൈവിട്ടുപോയ പ്രതീക്ഷകൾക്ക് പുതുജീവൻ വച്ചതിന്റെ ആവേശത്തിലാണ് പരിയാരം പഞ്ചായത്തിലെ എൽ.ഡി.എഫ് നേതൃത്വം. 10 സീറ്റുകൾ നേടി ഭരണം നിലനിറുത്താൻ കഴിയുമെന്ന് അവർ ഉറപ്പിച്ചു പറയുന്നു. സി.പി.എം - സി.പി.ഐ പടലപ്പിണക്കത്തിൽ വളരെ പിന്നിൽപോകുമെന്ന് ആദ്യമെല്ലാം ഭരണകക്ഷി ഭയപ്പെട്ടിരുന്നു. എന്നാൽ യു.ഡി.എഫിലുണ്ടായ പൊട്ടിത്തെറിയിൽ എൽ.ഡി.എഫ് നേതാക്കളടക്കം അമ്പരന്നുപോയി.
9 സീറ്റുകളിൽ വിമതരുമായി ഏറ്റുമുട്ടേണ്ട അവസ്ഥയിലായി യു.ഡി.എഫ്. ഇതെല്ലാം കണക്കിലെടുത്താൻ വ്യക്തമായ ഭൂരിപക്ഷത്തിൽ കർഷക സമരത്തിന്റെ നാടായ പരിയാരത്ത് ഭരണ തുടർച്ചയുണ്ടാകുമെന്ന ശുഭ പ്രതീക്ഷ വച്ചു പുലർത്തുകയാണ് എൽ.ഡി.എഫ്. കഴിഞ്ഞ ഭരണത്തിൽ ഒരു വികസന പ്രവർത്തനങ്ങളും നടക്കാതിരുന്ന പഞ്ചായത്ത് തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നു. ചില്ലറ വിമത ശല്യമുണ്ടെങ്കിലും അതൊന്നും കേവല ഭൂരിപക്ഷത്തിന് തടസമാകില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇരുമുന്നണികൾക്കും ഇക്കുറി കനത്ത വെല്ലുവിളി നടത്താനായെന്ന് എൻ.ഡി.എ നേതാക്കൾ പറയുന്നു.
ചാഞ്ഞും ചെരിഞ്ഞും അതിരപ്പിള്ളി
ചാഞ്ഞും ചെരിഞ്ഞും സംശയത്തിന്റെ നിഴലിലായ അതിരപ്പിള്ളി പഞ്ചായത്ത് ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ഇനി നാലുദിനങ്ങൾ. കൂട്ടിക്കിഴിച്ച് പട്ടിക തയ്യാറാക്കിയ എൽ.ഡി.എഫ് ഭരണത്തുടർച്ചയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 13 സീറ്റുകളുള്ള വെള്ളച്ചാട്ടങ്ങളുടെ നാട്ടിൽ ഇക്കുറി കേവല ഭൂരിപക്ഷത്തിൽ കൂടുതൽ സീറ്റുകൾ ഉണ്ടാകുമെന്ന് ഇടതു നേതാക്കൾ അവകാശപ്പെട്ടു.
മലക്കപ്പാറ മേഖലയ്ക്ക് പുറമെ ഇക്കുറി പടിഞ്ഞാറെ ഭാഗത്തും മുന്നേറ്റമുണ്ടാക്കൻ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. മലക്കപ്പാറയിൽ നിലനിന്നിരുന്ന സി.പി.എം - സി.പി.ഐ തർക്കം അവസാനം പരിഹരിക്കാനായെന്നും നേതൃത്വം പറയുന്നു. ഇടതിൽ നിലനിന്ന തർക്കവും ആശയക്കുഴപ്പങ്ങളും തങ്ങൾക്ക് അനുകൂലമായെന്ന് യു.ഡി.എഫ് അവകാശപ്പെട്ടു.
ഇതിനു പുറമെ ഭരണ പരാജയങ്ങളും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുമെന്ന് നേതാക്കൾ പറയുന്നു. അഴിമതി നിറഞ്ഞ ഭരണവും നിഷ്‌ക്രിയമായ പ്രതിപക്ഷത്തെയും ഞെട്ടിപ്പിക്കുന്ന മുന്നേറ്റം എൻ.ഡി.എ നടത്തുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
മേലൂരിൽ മൂന്നിലാര്?
മേലൂർ പഞ്ചായത്ത് ഭരണം തങ്ങൾക്കാകുമെന്ന് മൂന്നു മുന്നണികളും ഒരുപോലെ അവകാശ വാദം ഉന്നയിക്കുന്നു. 2000 മുതൽ തുടർച്ചയായി അധികാരത്തിൽ തുടരുന്ന കാർഷിക നാട്ടിൽ വലിയ ഭൂരിപക്ഷത്തിൽ ചരിത്രം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. യു.ഡി.എഫ് ദുർബലമായതും അവർക്ക് പല വാർഡുകളിലും വിമത ശല്യമുണ്ടായതും അനുകൂല ഘടകമായെന്ന് ഇടതു നേതാക്കൾ ചൂണ്ടിക്കാട്ടി. എൻ.ഡി.എയ്ക്ക് കഴിഞ്ഞ തവണയുണ്ടായ മുന്നേറ്റം ഇക്കുറിയില്ലെന്ന് എൽ.ഡി.എഫ് പറയുന്നു.
എന്നാൽ യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസം വച്ചുപുലർത്തുന്നു. അഴിമതിഭരത്തെ ജനങ്ങൾ തൂത്തെറിഞ്ഞു കഴിഞ്ഞെന്നും സാങ്കേതികമായി യു.ഡി.എഫിന് അധികാരം ലഭിച്ചെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം തള്ളുകയാണ് ബി.ജെ.പി. ചരിത്രത്തിൽ ആദ്യമായി ഇക്കുറി മേലൂർ പഞ്ചായത്തിൽ എൻ.ഡി.എ അധികാരത്തിൽ എത്തുമെന്ന് നേതാക്കൾ അവകാശപ്പെടുന്നു.
കൊരട്ടിയിൽ ബലാബലം ആർക്ക് ?
വ്യവസായത്തിന്റെ നാടായ കൊരട്ടിയിൽ ഇക്കുറി ബലാബല ഭരണം ആവർത്തിക്കില്ലെന്ന് എൽ.ഡി.എഫ്. കൂടുതൽ സീറ്റുകളും ഭൂരിപക്ഷവുമായി ഭരണ തുടർച്ചയ്ക്കായിരുന്നു വിധിയെഴുത്തെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. ചാലക്കുടി നിയോജക മണ്ഡലത്തിലെ ഏക പട്ടിക ജാതി സംവരണ പഞ്ചായത്തായ കൊരട്ടിയിൽ ഭരണ ചക്രം തിരിക്കാനുള്ള വ്യക്തികളക്കൂടി കണ്ടെത്തിരിക്കുകയാണ് ഇടതു നേതൃത്വം.
നേരിയ ഭൂരിപക്ഷത്തിൽ കൊരട്ടിയിലെ ഭരണം തിരിച്ചു പിടിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു. കൂടുതൽ സീറ്റുകളും ഭരണത്തിൽ സമ്മർദ്ദ ശക്തികളാവലും എൻ.ഡി.എ ഇവിടെ ലക്ഷ്യം വച്ചുകഴിഞ്ഞു.
കാടുകുറ്റിയിൽ ഇക്കുറിയാര്
ആംഗ്ലോ ഇന്ത്യൻ വംശജർക്ക് സ്വാധീനമുള്ള പഞ്ചായത്തിൽ ഇത്തവണത്തെയും ഭരണം വിട്ടുകൊടുക്കുന്ന ജനവിധിയല്ല സംഭവിച്ചിരിക്കുന്നതെന്ന് കാടുകുറ്റിയിലെ യു.ഡി.എഫ് നേതൃത്വം. വ്യക്തമായ ഭൂരപക്ഷത്തിൽ തന്നെ അധികാരത്തിൽ തുടരുമെന്ന് നേതാക്കൾ പറയുന്നു. എന്നാൽ ഏറെക്കാലത്തിനു ശേഷം കാടുകുറ്റിയിൽ ഇടതുഭരണം വരികയാണെന്ന് നേതാക്കൾ അവകാശപ്പെട്ടു. കോൺഗ്രസിന് പല വാർഡുകളിലും ശക്തമായ വിമത ശല്യമുണ്ടായത് തങ്ങൾക്ക് അനുകൂലമായി.ബി.ജെ.പിയുടെ ചില വാർഡുകളിലെ മുന്നേറ്റവും യു.ഡി.എഫിനെ ദുർബ്ബലപ്പെടുത്തിയെന്നും ഇടതു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വലിയ മുന്നേറ്റത്തിൽ അത്ഭുതം സംഭവിക്കുകയാണെന്ന് എൻ.ഡി.എ നേതാക്കളും അവകാശപ്പെട്ടു.