
തൃശൂർ : കോൺഗ്രസ് പ്രവർത്തകന് നേരെ അനിൽ അക്കര എം.എൽ.എ വധഭീഷണി മുഴക്കിയെന്ന പരാതി പിൻവലിച്ചു. അടാട്ട് സ്വദേശി കെ. സത്യനാണ് അനിൽ അക്കര കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇന്നലെ വൈകിട്ട് പരാതി നൽകിയത്. എന്നാൽ വൈകിട്ടോടെ പരാതി പിൻവലിച്ചു.
അനിൽ അക്കരയ്ക്ക് നാട്ടിൽ അറിയപ്പെടുന്ന ഗുണ്ടകളുടെ സ്വാധീനമുണ്ട്. അതുകൊണ്ട് പൊലീസ് സംരക്ഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ പരാതി പിൻവലിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്ന പതിനാറാം തീയതിക്കുള്ളിൽ തീർത്തു കളയുമെന്നാണ് അനിൽ അക്കര ഭീഷണിപ്പെടുത്തിയതെന്ന് കെ. സത്യൻ പരാതിയിൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് നാലരയ്ക്ക് പുറനാട്ടുകര പോസ്റ്റ് ഓഫീസിന് സമീപമുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിന് മുന്നിൽ വച്ചാണ് എം.എൽ.എ വധഭീഷണി മുഴക്കിയത്. തനിക്ക് പുറമെ കോൺഗ്രസ് പ്രവർത്തകനായ വിനോദ് കുമാർ എന്നയാൾക്ക് നേരെയും അനിൽ അക്കര ഭീഷണി മുഴക്കിയെന്ന് സത്യൻ കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഭീഷണിയെന്നും പരാതിയിൽ പറയുന്നു.
ഭീഷണി കേട്ട് സമീപത്തുള്ളവർ ഓടി വരുകയും എം.എൽ.എയെ പിടിച്ചുമാറ്റുകയുമാണ് ചെയ്തതെന്നും പറയുന്നു. ഐ ഗ്രൂപ്പ് പ്രവർത്തകരാണ് സത്യനും വിനോദും. വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നേരത്തെ സത്യൻ നാമനിർദ്ദേശപത്രിക നൽകിയിരുന്നെങ്കിലും അവസാനം ഗ്രൂപ്പ് നിർദ്ദേശം മാനിച്ച് പിൻവലിച്ചു.
പാർട്ടിയിൽ നിന്ന് പുറത്ത് പോയവർ
താൻ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നവർ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്തു പോയവരാണെന്ന് അനിൽ അക്കര എം.എൽ.എ. അവർ ബി.ജെ.പിയിൽ പ്രവർത്തിക്കുന്നവരാണ്. വോട്ടെടുപ്പ് ദിവസം അവർ വൈകീട്ട് നാലിന് ബൂത്തിലേക്ക് കയറി വരികയായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.
അനിൽ അക്കര എം.എൽ.എയ്ക്കെതിരെ
കേസെടുക്കണം: എം.എം വർഗീസ്
തൃശൂർ: തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കൊല്ലുമെന്നും കൈയും കാലും വെട്ടുമെന്നും ഭീഷണി മുഴക്കിയ അനിൽ അക്കര എം.എൽ.എയ്ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. എം വർഗീസ് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ബൂത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ രണ്ട് പേരാണ് എം.എൽ.എ ഭീഷണിപ്പെടുത്തിയതായി പൊലീസിൽ പരാതി നൽകിയത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമാണ് എം.എൽ.എയുടെ ഭീഷണിയെന്നത് വളരെ ഗൗരവമായി കാണേണ്ടതാണ്. ഗ്രൂപ്പ് പോരിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സ്ഥലമാണ് തൃശൂർ. ഈ സാഹചര്യത്തിൽ എം.എൽ.എയുടെ ഭീഷണി ഗൗവരമായി കാണണം. തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് കളക്ടറെ മാറ്റണമെന്ന ടി.എൻ പ്രതാപൻ എം.പിയുടെ പ്രസ്താവന അപലപനീയമാണ്. മന്ത്രി എ.സി മൊയ്തീൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസറുടെ വിദശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്. തങ്ങളുടെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കാത്തതാണ് കളക്ടർക്കെതിരെ തിരിയാൻ പ്രതാപനെ പ്രേരിപ്പിച്ചിരിക്കുന്നത്. തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര സ്കൂളിൽ 6.40 ന് എത്തി 20 മിനിറ്റ് ക്യൂ നിന്നശേഷമാണ് മന്ത്രി മൊയ്തീൻ വോട്ട് ചെയ്തത്. പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് തുടങ്ങുന്നെന്ന് പറഞ്ഞശേഷമാണ് ക്യൂവിൽ ഒന്നാമതായി ഉണ്ടായിരുന്ന മന്ത്രിയെ വിളിച്ചത്. സ്ഥാനാർത്ഥികളുടെ ഏജന്റുമാരാരും ഒരെതിർപ്പും പറഞ്ഞിരുന്നില്ല. യു.ഡി.എഫ് പരാജയ ഭീതിയിലാണ് കളക്ടറെ ഭീഷണിപ്പെടുത്തുന്നതെന്നും വർഗീസ് പ്രസ്താവനയിൽ പറഞ്ഞു.