
തൃശൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ദിവസവും അഞ്ഞൂറോളം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുമ്പോൾ ഇനി ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ളാദപ്രകടനവും മറ്റും എത്രകണ്ട് രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക ഒഴിയുന്നില്ല.
രോഗവ്യാപനം തടയാന്‍ പല പ്രദേശങ്ങളും അതിനിയന്ത്രിത മേഖലകളാക്കി കളക്ടര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പഴയതു പോലെ നടപടികൾ കർക്കശമല്ല.
കൊവിഡിനോട് തുടക്കത്തിലുണ്ടായിരുന്ന ഭയവും ജാഗ്രതയും കുറഞ്ഞുവരുന്നതായി ആരോഗ്യപ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കടലാസിൽ കർശനമായിരുന്നെങ്കിലും പോളിംഗ് കേന്ദ്രങ്ങളിൽ യാതൊരു കൊവിഡ് നിയന്ത്രണവുമുണ്ടായില്ല. കൂട്ടത്തോടെയാണ് എല്ലാവരും വരിയിൽ നിന്നത്. വരിയിൽ നിൽക്കാനുള്ള കളം പോലും അടയാളപ്പെടുത്തിയിരുന്നുമില്ല.
പോളിംഗിനിടെയുണ്ടായ വ്യാപനവും അതിൻ്റെ ഫലവും അടുത്ത ദിവസങ്ങളിലേ പുറത്തുവരൂ. രാഷ്ട്രീയ സംഘടനകളുടെ സമ്മർദ്ദവും നേതാക്കളുടെ ഇടപെടലുകളും കാരണം ഒരു പരിധിവിട്ട് പൊലീസിനും ഒന്നും ചെയ്യാനാവുന്നില്ല. ഇനി ഫലം വരുന്ന ദിവസത്തിലും ഇങ്ങനെ ആവർത്തിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് കരുതുന്നു. കൊവിഡ് ഇന്ത്യയിൽ സ്ഥിരീകരിച്ച് ഒരു വർഷമാകാൻ ഒന്നര മാസം കൂടി മാത്രമേ ബാക്കിയുള്ളൂ.
പക്ഷേ, ഇപ്പോഴും സ്ഥിതി നിയന്ത്രണാതീതമായി തുടരുകയാണ്. ജനുവരി 30നാണ് ഇന്ത്യയിലാദ്യമായി തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂരിൽ മാത്രം 250 ലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു. ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 65,000 കവിഞ്ഞു. രോഗബാധിതരായി ആറായിരത്തോളം പേർ ചികിത്സയിലുമുണ്ട്. ഓണക്കാലത്തിന് ശേഷം രോഗികളുടെ എണ്ണം കൂടിയത് പോലെ തിരഞ്ഞെടുപ്പിൻ്റെ ആഘോഷങ്ങൾക്ക് പിന്നാലെയും രോഗവ്യാപനം കൂടുമെന്ന് തന്നെയാണ് സ്വകാര്യമേഖലയിലെ ഡോക്ടർമാരും ആശങ്കപ്പെടുന്നത്.
മന:സംഘർഷങ്ങൾ ഒഴിവാക്കാം
കൊവിഡ് ഭീതിയാലുള്ള മാനസിക പിരിമുറക്കത്തിനൊപ്പം തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും ജോലി സംബന്ധമായും വിദ്യാഭ്യാസ- സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചുമെല്ലാമുള്ള മന:സംഘർഷങ്ങളും ഏറെയാണ്. ഇതൊന്നും ഒന്നുമല്ലെന്നും വലിയ വിജയങ്ങളും ആഹ്ളാദങ്ങളും ഭാവിയിൽ കാത്തിരിപ്പുണ്ടെന്നുമുള്ള ആത്മവിശ്വാസം ഈ സാഹചര്യത്തിൽ കൈവിടരുതെന്നാണ് മന:ശാസ്ത്രജ്ഞരുടെ നിർദ്ദേശം. എസ്.എസ്.എൽ.സി. അടക്കമുളള പരീക്ഷകളെ ചൊല്ലിയുളള സന്ദേഹങ്ങളിലാണ് വിദ്യാർത്ഥികളിലേറെയും.
'' രോഗത്തെ സംബന്ധിച്ച ഉത്കണ്ഠയെ തുടർന്നുള്ള മാനസികപിരിമുറക്കം കൂടി വരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ജോലിയിൽ ശ്രദ്ധ കുറയാനും ഇടയാകുന്നുണ്ട്. കൊവിഡ് വ്യാപനകാലത്തെ സാമ്പത്തിക പ്രശ്നം കാരണം വിഷാദരോഗങ്ങളുമുണ്ട്. സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന പ്രതീക്ഷ വെച്ചുപുലർത്തണം.
ഡോ. പി.കെ. സുകുമാരൻ
മന:ശാസ്ത്രവിദഗ്ദ്ധൻ