vijaya

തൃശൂർ: കേരളത്തിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ പ്രസ്താവന ബാലിശമാണെന്ന് ഇടതുമുന്നണി കണവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചട്ടലംഘനമെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിലവിൽ നടക്കുന്ന കൊവിഡ് ചികിത്സയുടെ ഭാഗമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് ചട്ടലംഘനമെന്നു പറയുന്നത് എത്ര ബാലിശമാണ്! രോഗചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.

അത് പുതിയ കാര്യമല്ല. മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ചോദ്യങ്ങളുയരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ നിലപാട് പറയും. മുഖ്യമന്ത്രിയുടെ വാക്കുകളിൽ അസ്വാഭാവികതയില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനം നടക്കുന്ന സന്ദർഭത്തിൽ കൊവിഡ് കൂടിയെന്നു പറയാനാകില്ല.

വസ്തുതകൾ മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രിക്ക് ജ്യോതിഷത്തിൽ വിശ്വാസമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറയുന്നത്. മുഖ്യമന്ത്രി തന്നെയാണ് ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകിയത്. സ്പീക്കറുടെ വിഷയത്തിൽ വേണ്ടത്ര ഗൃഹപാഠം നടത്താതെയാണ് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചത്. ഇടതു മുന്നണിയിൽ നിന്ന് ആർക്കും അപമാനമുണ്ടാകില്ലെന്ന്, മാണി സി. കാപ്പന്റെ ആരോപണത്തിന് മറുപടിയായി വിജയരാഘവൻ പറഞ്ഞു.

പലയിടത്തും യു.ഡി.എഫും ബി.ജെ.പിയും പരസ്യധാരണയിലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി യു.ഡി.എഫിന് ഉണ്ടാകും. ലൈഫ് പദ്ധതി ഉപേക്ഷിക്കുമെന്നും കേരളാ ബാങ്ക് വേണ്ടെന്നു വയ്ക്കുമെന്നുമുള്ള യു.ഡി.എഫിന്റെയും കോൺഗ്രസ് നേതാക്കളുടെയും പ്രഖ്യാപനം ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.