
തൃശൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. പത്താം തീയതി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മുന്നണികൾ കൂട്ടിയും കിഴിച്ചും പ്രതീക്ഷകൾ നെയ്തെടുത്തു കഴിഞ്ഞു. പല വാർഡുകളിലും തങ്ങളുടെ കോട്ടകളിൽ ഭൂരിപക്ഷം എത്ര വർദ്ധിക്കുമെന്ന് കണക്ക് കൂട്ടുമ്പോൾ ഭൂരിഭാഗം സ്ഥലങ്ങളിലും നൂൽപ്പാലത്തിലൂടെയെങ്കിലും കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
വിജയം ഏത് ഭാഗത്തേക്കും ചെരിയാം എന്നാണ് വിലയിരുത്തൽ. മുന്നണി നേതാക്കൾ തങ്ങളുടെ വിജയം ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും എല്ലാവരുടെ ഉള്ളിലും ആശങ്കയുണ്ട്. പ്രാദേശിക ഘടകങ്ങൾ തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലുകളും കണക്കുകളും മേൽ ഘടകങ്ങൾക്ക് കൈമാറിക്കഴിഞ്ഞു. എല്ലാവരും നേരിയ ഭൂരിപക്ഷമെങ്കിലും ലഭിക്കുമെന്ന കണക്കുകളാണ് കൈമാറിയിരിക്കുന്നതെന്ന് അറിയുന്നു.
സ്വതന്ത്രന്മാർ നിർണ്ണായകം
പുല്ലഴി ഡിവിഷൻ സ്ഥാനാർത്ഥി എം.കെ മുകുന്ദന്റെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നതോടെ 54 ഡിവിഷനിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതിൽ ഇത്തവണ ഭരണം തിരിച്ചു പിടിക്കുമെന്ന അവകാശവാദമാണ് യു. ഡി.എഫിന്. 30 ൽ ഏറെ സീറ്റുകൾ നേടുമെന്ന് അവർ അവകാശപെടുമ്പോൾ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എൽ.ഡി.എഫ് പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഭരണത്തുടർച്ച ഉണ്ടാകുമെന്ന തരത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും അമിത പ്രതീക്ഷയിലാണ്. 10 മുതൽ 15 വരെ സീറ്റ് ലഭിക്കുമെന്ന കണക്കുക്കൂട്ടലിലാണ് അവർ. അല്ലെങ്കിൽ 30 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്ന് അവർ കണക്ക് കൂട്ടുന്നു. പല സ്വതന്ത്രന്മാരും നിർണായകമാകുമെന്ന വിലയിരുത്തലുമുണ്ട്.
ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം ആർക്ക്
29 അംഗ ഭരണ സമിതിയിൽ കഴിഞ്ഞ തവണ ലഭിച്ച മൃഗീയ ഭൂരിപക്ഷം ഇത്തവണ എൽ.ഡി.എഫിനുണ്ടാകുമോ എന്ന കണക്ക് കൂട്ടലിലാണ് എല്ലാവരും. കഴിഞ്ഞ തവണ 20 സീറ്റ് നേടിയപ്പോൾ 9 സീറ്റ് കൊണ്ട് യു. ഡി. എഫിന് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ ഇത്തവണ ഡി.സി.സി നേതാക്കളെ വരെ രംഗത്ത് ഇറക്കി ഭരണം പിടിക്കാനായിരുന്നു ശ്രമം. സീറ്റുകൾ കുറഞ്ഞാലും ഭരണം നിലനിറുത്താൻ കഴിയുമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. എൻ.ഡി.എ രണ്ടോ മൂന്നോ സീറ്റുകളിൽ പ്രതീക്ഷയർപ്പിക്കുന്നു.