sukruti

ആലപ്പുഴ: പരിമിതമായ ജീവിതസാഹചര്യങ്ങൾക്ക് നടുവിൽ നിന്നും ഡോക്ടറാകാനുള്ള സ്വപ്‌നത്തിലേക്കുള്ള വഴി കഠിനാദ്ധ്വാനത്തിലൂടെ താണ്ടിയ ആലുപ്പുഴയിലെ സുകൃതിയുടെ മനസ് അറിഞ്ഞ് അദ്ധ്യാപകർ. പ്രളയകാലത്ത് നാടിനൊപ്പം നിന്ന് അക്ഷീണം പ്രയത്‌നിച്ച എൻ. എസ്. ഓമനക്കുട്ടന്റെ മകൾ സുകൃതി മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയ തൃശൂർ പൂങ്കുന്നത്തെ റിജു ആൻഡ് പി.എസ്.കെ ക്ലാസസ് എൻട്രൻസ് പരിശീലന കേന്ദ്രമാണ് എം.ബി.ബി.എസ്. പഠനത്തിനാവശ്യമായ ട്യൂഷൻഫീസ് പൂർണമായും ഏറ്റെടുത്തത്.

ട്യൂഷൻ ഫീസിനായി ലക്ഷം രൂപയുടെ ചെക്ക് റിജു ആൻഡ് പി.എസ്.കെ ക്ലാസസ് ഡയറക്ടർമാരായ പി. സുരേഷ് കുമാർ, അനിൽകുമാർ വി., റിജു ശങ്കർ എന്നിവർ വീട്ടിലെത്തി കൈമാറി. എൻട്രസ് കടമ്പ താണ്ടാൻ കരുത്തേകിയ അദ്ധ്യാപകർ തന്റെ തുടർന്നുള്ള ജീവിതത്തിലും കൈത്താങ്ങായ സന്തോഷം സുകൃതി പങ്കുവച്ചു.

ജീവിതത്തിലെ കഷ്ടപ്പാടുകളെ അതിജീവിച്ച് ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ ഭാവനാലയമെന്ന ചെറിയ വീട്ടിൽ നിന്ന് ഡോക്ടറാകാൻ മകൾ തയ്യാറെടുക്കുമ്പോൾ നാടാകെ ഒപ്പമുണ്ടെന്ന സന്തോഷത്തിലാണ് ഓമനക്കുട്ടൻ. സുകൃതിക്ക് കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസമാണ് മെറിറ്റിൽ പ്രവേശനം ലഭിച്ചത്. അച്ഛൻ ഓമനക്കുട്ടനിലൂടെയാണ് സുകൃതിയും മലയാളിക്ക് പ്രിയപ്പെട്ട മകളായത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് 70 രൂപ പിരിച്ചെന്ന പേരിൽ വിവാദത്തിലാകുകയും പിന്നീട് ജനകീയനാകുകയും ചെയ്ത അപൂർവതയാണ് ഓമനക്കുട്ടനെ വ്യത്യസ്തനാക്കുന്നത്.