
ഒല്ലൂർ : മാന്ദാമംഗലം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലേക്ക് യാക്കോബായ വിഭാഗം നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സുപ്രീം കോടതി വിധിയിലൂടെ നഷ്ടമായ പളളിയിൽ തിരികെ പ്രവേശിക്കാനായാണ് വിശ്വാസികൾ പള്ളിയിലെത്തിയത്. വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്താനായിരുന്നു യാക്കോബായ സഭയുടെ തീരുമാനം.
വിശ്വാസികളെ തടയില്ലെങ്കിലും വൈദികരെ പള്ളിയിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ അനുവദിക്കില്ലെന്നായിരുന്നു ഓർത്തഡോക്‌സ് വിശ്വാസികളുടെ നിലപാട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പള്ളിക്ക് മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. യാക്കോബായ വിശ്വാസികളുടെ മാർച്ച് പള്ളിക്ക് നൂറ് മീറ്റർ ദൂരെ പൊലീസ് തടഞ്ഞു. തുടർന്ന് വിശ്വാസികൾ കുത്തിയിരുപ്പ് നടത്തി. തൃശൂർ എ.സി.പി വി. കെ. രാജു, സി.ഐമാരായ ബെന്നി ജേക്കബ്, ശശിധരൻ പിള്ള, ഷുക്കൂർ, വനിതാ സ്റ്റേഷൻ എസ്.ഐ. പി. വി. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ പുലർച്ചെ മുതൽ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
മലങ്കരസഭ തർക്കത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിട്ടു കൊടുക്കേണ്ടിവന്ന പള്ളികളിലേക്ക് തിരികെ പ്രവേശിക്കാൻ യാക്കോബായ സഭ തീരുമാനിച്ചത്. സംസ്ഥാനത്ത് സർക്കാർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ 52 പള്ളികളിലും ഇന്നലെ യാക്കോബായ സഭ വിശ്വാസികളും വൈദികരും തിരികെ പ്രവേശിക്കാൻ തീരുമാനിച്ചിരുന്നു. പള്ളിക്ക് മുന്നിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടരുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.
മാരാങ്കോട് ഓർത്തഡോക്‌സ് പള്ളിയിലേക്ക്
സുറിയാനി വിഭാഗം മാർച്ച്
ചാലക്കുടി : മാതൃകാ ദേവാലയത്തിന്റെ അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിക്കുളങ്ങര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ഇടവകാംഗങ്ങൾ മാരാങ്കോട് പള്ളിയിലേക്ക് മാർച്ച് നടത്തി. ഇവിടെയുള്ള സെന്റ് ജോർജ്ജ് ലബനോൺ ഓർത്തഡോക്‌സ് സിറിയൻ പള്ളിയിലേക്കാണ് അമ്പതോളം വിശ്വാസികളെത്തിയത്. ഇവരെ വഴിയിൽ പൊലീസ് തടഞ്ഞു.
വികാരി ഫാ. എൽദോ കുര്യാക്കോസിന്റെ നേതൃത്വത്തിൽ എത്തിയ സംഘം പ്രാർത്ഥനകൾക്ക് ശേഷം തിരിച്ചുപോയി. നേരത്തെ സുറിയാനി വിഭാഗം, മാരാങ്കോട് ഓർത്താഡോക്സ് പള്ളിയുടെ ഭാഗമായിരുന്നു. 2002ലാണ് വിഭാഗീയതയെ തുടർന്ന് ഇവർ വെള്ളിക്കുളങ്ങരയിലേക്ക് മാറിയത്. അവിടെ പള്ളിയും സ്ഥാപിച്ചു. ഇതിനിടെ വെള്ളിക്കുളങ്ങര പള്ളിയുടെ അവകാശം തങ്ങൾക്കാണെന്ന് കാണിച്ച് സുറിയാനി വിഭാഗം ജില്ലാ കോടതിയിൽ ഹർജി നൽകി. എന്നാൽ ഹർജി നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ ജനുവരി 5ന് വാദം തുടങ്ങാൻ ഇരിക്കുകയാണ്.