പാവറട്ടി : കൊവിഡ് സ്പഷ്യൽ ബാലറ്റിന്റെ മറവിൽ മുല്ലശ്ശേരി ഡിവിഷനിൽ തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽ.ഡി.എഫ് നീക്കം നടത്തിയതായി യു.ഡി.എഫ് മുല്ലശ്ശേരി ഡിവിഷൻ കമ്മിറ്റി യോഗം. യു.ഡി.എഫ് കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് വിഷയം ചർച്ചയായത്. കൊവിഡിന്റെ മറവിൽ സ്‌പെഷ്യൽ ബാലറ്റ് വ്യാപകമായി തിരിമറി നടത്തിയതായി യു.ഡി.എഫ് പരാതിപ്പെട്ടു. ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയ 2 പേർക്ക് സ്‌പെഷ്യൽ തപാൽ ബാലറ്റ് വന്നത് അട്ടിമറി നടന്നതിന് തെളിവാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ വരണാധികാരിക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുല്ലശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥിയുമായ പി.കെ. രാജൻ, എ.എസ്.എം. അസ്ഗറലി തങ്ങൾ, എം.ബി. സെയ്തു മുഹമ്മദ്, സി.ജെ. സ്റ്റാൻലി, ജിൽസൺ തോമസ് എന്നിവർ സംസാരിച്ചു.